രാജ്യത്ത് സഹകരണ മേഖലയിലൂടെ ലൈഫ് ഇൻഷുറൻസ് കമ്പനി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ഓൺലൈൻ ടാക്സി സേവനങ്ങൾക്ക് ബദലായി ‘ഭാരത് ടാക്സി’ പദ്ധതി ആരംഭിച്ചതിന് പിന്നാലെയാണ് സഹകരണ മേഖലയെ ലൈഫ് ഇൻഷുറൻസ് രംഗത്തേക്കും വ്യാപിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ അഞ്ചാം സ്ഥാപകദിനാഘോഷത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. നിലവിൽ സഹകരണ മേഖലയ്ക്ക് ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് മുഖേന ജനറൽ ഇൻഷുറൻസ് രംഗത്ത് സാന്നിധ്യമുണ്ടെങ്കിലും, ലൈഫ് ഇൻഷുറൻസ് മേഖലയിലേക്കുള്ള പ്രവേശനം ആദ്യമായിരിക്കും.എന്നാൽ പുതിയ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഉടമസ്ഥാവകാശം, പ്രവർത്തനരീതി, നിക്ഷേപ ഘടന, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)യുടെ അനുമതി തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ അമിത് ഷാ വെളിപ്പെടുത്തിയിട്ടില്ല.
ഭാരത് ടാക്സി പദ്ധതി ഈ വർഷം ഫെബ്രുവരി 5-നാണ് ആരംഭിച്ചത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ 500 നഗരങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു.നിലവിൽ രാജ്യത്ത് 8.5 ലക്ഷം സഹകരണ സംഘങ്ങളും അവയിൽ 30 കോടിയിലധികം അംഗങ്ങളുമുണ്ട്. ക്ഷീരമേഖല, പഞ്ചസാര, വളം, ബാങ്കിങ് തുടങ്ങിയ പരമ്പരാഗത മേഖലകൾക്കപ്പുറം വാഹന ഗതാഗതം, ഇൻഷുറൻസ് തുടങ്ങിയ പുതിയ മേഖലകളിലേക്കും സഹകരണ പ്രസ്ഥാനത്തെ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഇൻഷുറൻസ് മേഖലയിലെ വളർച്ചാ സാധ്യത കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇൻഷുറൻസ് രംഗത്ത് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (FDI) കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ വർഷം ലൈഫ്, ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് മേലുണ്ടായിരുന്ന 18 ശതമാനം ജിഎസ്ടി പൂർണമായും ഒഴിവാക്കിയതും മേഖലയ്ക്ക് കൂടുതൽ അനുകൂല സാഹചര്യമൊരുക്കി.
നിലവിൽ ഇന്ത്യയിൽ 20-ലധികം ലൈഫ് ഇൻഷുറൻസ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ എൽഐസിയാണ് വിപണിയിലെ ഏറ്റവും വലിയ കമ്പനി. എന്നിരുന്നാലും രാജ്യത്ത് 5 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് മതിയായ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഈ വലിയ സാധ്യത മുന്നിൽ കണ്ടാണ് സഹകരണ മേഖലയിലും ലൈഫ് ഇൻഷുറൻസ് കമ്പനി ആരംഭിക്കാൻ കേന്ദ്രം പദ്ധതിയിടുന്നത്.’അമുൽ’ പോലെ ആഗോളതലത്തിൽ ശ്രദ്ധേയമാകുന്ന സഹകരണ സ്ഥാപനങ്ങളെ വിവിധ മേഖലകളിൽ സൃഷ്ടിക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ ദീർഘകാല ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.
