പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ ഇനി കൂടുതൽ എളുപ്പം; ഇപിഎഫ്ഒയുടെ പുതിയ ചട്ടങ്ങൾ

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിൽ നിന്ന് ഭാഗികമായി പണം പിൻവലിക്കുന്നതിനുള്ള ചട്ടങ്ങളിൽ ഇപിഎഫ്ഒ (EPFO) ഇളവ് പ്രഖ്യാപിച്ചു. എംപ്ലോയീസ് പെൻഷൻ പദ്ധതി (EPS) സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമായി വിജ്ഞാപനം ചെയ്തതോടനുബന്ധിച്ചാണ് പുതിയ ഭേദഗതികൾക്ക് ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നൽകിയത്.പുതിയ ചട്ടങ്ങൾ പ്രകാരം, വിരമിക്കൽ സമയത്ത് ആകെ പി.എഫ്. നിക്ഷേപത്തിന്റെ 25 ശതമാനം അക്കൗണ്ടിൽ നിർബന്ധമായും നിലനിർത്തണം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം ഉൾപ്പെടെയുള്ള ആകെ തുകയുടെ 25 ശതമാനമാണ് അക്കൗണ്ടിൽ തുടർന്നിരിക്കേണ്ടത്. ശേഷിക്കുന്ന 75 ശതമാനം തുക ആവശ്യാനുസരണം പിൻവലിക്കാം.

മുമ്പ് ഭവന നിർമാണം, വീട് വാങ്ങൽ, അറ്റകുറ്റപ്പണി എന്നിവയ്ക്കു മാത്രമായിരുന്നു ആകെ നിക്ഷേപത്തിന്റെ 90 ശതമാനം വരെ പിൻവലിക്കാൻ അനുമതിയുണ്ടായിരുന്നത്. അസുഖം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് തൊഴിലാളിയുടെ വിഹിതം മാത്രമാണ് പിൻവലിക്കാൻ അനുവദിച്ചിരുന്നത്.അതേസമയം, ഭാഗിക പിൻവലിക്കലിന് മുമ്പ് അഞ്ച് വർഷത്തെ അംഗത്വം നിർബന്ധമായിരുന്നു. പുതിയ ചട്ടമനുസരിച്ച് ഇനി 12 മാസം അംഗത്വം പൂർത്തിയായാൽ തന്നെ ഭൂരിഭാഗം ആവശ്യങ്ങൾക്കായി ഭാഗിക പിൻവലിക്കാം.

പുതുക്കിയ പിൻവലിക്കൽ പരിധികൾ

വീടു നിർമാണം, വീട് വാങ്ങൽ, അറ്റകുറ്റപ്പണി – അംഗത്വ കാലയളവിൽ പരമാവധി 5 തവണ
ചികിത്സാ ആവശ്യങ്ങൾ – ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 3 തവണ
വിദ്യാഭ്യാസ ആവശ്യങ്ങൾ – അംഗത്വ കാലയളവിൽ പരമാവധി 10 തവണ
വിവാഹ ആവശ്യങ്ങൾ – അംഗത്വ കാലയളവിൽ പരമാവധി 5 തവണ
പ്രത്യേക സാഹചര്യങ്ങൾ – ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 2 തവണ. ഈ വിഭാഗത്തിൽ 12 മാസത്തെ അംഗത്വം നിർബന്ധമല്ല.

പുതിയ ഭേദഗതികളിലൂടെ അംഗങ്ങൾക്ക് ആവശ്യസമയത്ത് പി.എഫ്. നിക്ഷേപം കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് ഇപിഎഫ്ഒയുടെ വിലയിരുത്തൽ.