പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരാനിടയുണ്ടെന്ന റിപ്പോർട്ടുകൾ ശ്രദ്ധ നേടുന്നു. 2025 ഡിസംബറിൽ ഒപ്പുവെച്ച കരാർ നടപ്പായാൽ വ്യാപാരം, നിക്ഷേപം, തൊഴിൽ മേഖലകൾ എന്നിവയിൽ ഇരുരാജ്യങ്ങൾക്കും വലിയ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഹോർമുസ് കടലിടുക്കിന് പകരം പുതിയ വ്യാപാരപാത
കരാർ നിലവിൽ വന്നാൽ ഒമാനിലെ Port of Salalah , Port of Duqm എന്നീ തുറമുഖങ്ങൾ ഇന്ത്യയുടെ കയറ്റുമതിക്ക് പ്രധാന കവാടങ്ങളായി മാറും.ഹോർമുസ് കടലിടുക്കിന് സമീപമുള്ള തുറമുഖങ്ങളിലൂടെ ചരക്ക് നീക്കുന്നതിൽ നിലവിൽ ചില വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, സലാലയും ദുഖവും വഴിയുള്ള വ്യാപാരം ഇന്ത്യയ്ക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ആഫ്രിക്കൻ വിപണികളിലേക്കും കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിരവധി ഉൽപന്നങ്ങൾക്ക് തീരുവ പൂജ്യം
നിലവിൽ ഒമാനിൽ 5 ശതമാനം മുതൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ബാധകമായ നിരവധി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കരാറിലൂടെ പൂർണമായും തീരുവ ഒഴിവാക്കും.
പ്രധാന ഗുണഭോക്തൃ മേഖലകൾ:
സ്വർണാഭരണങ്ങൾ (ജ്വല്ലറി)
തുണിത്തരങ്ങൾ
ലെതർ ഉൽപന്നങ്ങൾ
ഫുട്‍വെയർ
സ്പോർട്സ് ഗുഡ്സ്
പ്ലാസ്റ്റിക് ഉൽപന്നങ്ങൾ
ഫർണിച്ചർ
കാർഷിക ഉൽപന്നങ്ങൾ
ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ
ഓട്ടോമൊബൈൽ മേഖല
അതേസമയം, ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏകദേശം 94.81 ശതമാനം ഉൽപന്നങ്ങൾക്കും ഇന്ത്യ തീരുവ ഇളവ് നൽകാൻ സമ്മതിച്ചിട്ടുണ്ട്.
ഇന്ത്യൻ വിദഗ്ധർക്ക് കൂടുതൽ കാലം ഒമാനിൽ
പുതിയ കരാറിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിൽ ഒന്നാണ് സേവനമേഖലയിലെ ഇളവുകൾ.
കരാർ അടിസ്ഥാനത്തിൽ ഒമാനിൽ സേവനം നൽകാൻ പോകുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അവിടെ താമസിക്കാനുള്ള കാലാവധി നിലവിലെ 90 ദിവസത്തിൽ നിന്ന് 2 വർഷമാക്കി ഉയർത്തും. ആവശ്യമെങ്കിൽ പിന്നീട് രണ്ട് വർഷത്തേക്ക് കൂടി നീട്ടാനും അവസരമുണ്ടാകും.
ഇതിലൂടെ പ്രയോജനം ലഭിക്കാൻ സാധ്യതയുള്ളവർ:
ഐടി വിദഗ്ധർ
ബിസിനസ് കൺസൾട്ടന്റുമാർ
അധ്യാപകർ
ഡോക്ടർമാർ
ഗവേഷകർ
സാങ്കേതിക വിദഗ്ധർ
ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കാം
ഒമാനിൽ പ്രവർത്തിക്കുന്ന അല്ലെങ്കിൽ പുതിയ നിക്ഷേപങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ഇന്ത്യക്കാരെ അവിടത്തെ യൂണിറ്റുകളിലേക്ക് മാറ്റി നിയമിക്കാൻ പുതിയ കരാർ സഹായിക്കും.നിലവിൽ ഒരു ഇന്ത്യൻ കമ്പനിയുടെ ഒമാൻ ശാഖയിലേക്ക് ആ കമ്പനിയിലെ പരമാവധി 20 ശതമാനം ജീവനക്കാരെ മാത്രമേ ഇൻട്രാ-കോർപറേറ്റ് ട്രാൻസ്ഫർ (ICT) വിഭാഗത്തിൽ ഉൾപ്പെടുത്തി അയയ്ക്കാൻ കഴിയുമായിരുന്നുള്ളു. പുതിയ കരാറിലൂടെ ഈ പരിധി 50 ശതമാനമായി ഉയർത്തും.
ഇതോടെ ഇന്ത്യൻ കമ്പനികൾക്ക് തങ്ങളുടെ പരിശീലനം നേടിയ ജീവനക്കാരെ കൂടുതൽ എളുപ്പത്തിൽ ഒമാനിലെ പദ്ധതികളിലേക്ക് നിയോഗിക്കാൻ സാധിക്കും.
പ്രവാസി ഇന്ത്യക്കാർക്ക് എന്ത് നേട്ടം?
കരാർ പ്രാബല്യത്തിൽ വന്നാൽ:
ഐടി, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ
ഇന്ത്യൻ കമ്പനികളുടെ ഒമാനിലെ നിക്ഷേപ വർധന
കയറ്റുമതി മേഖലയിൽ പുതിയ സാധ്യതകൾ
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കൂടുതൽ മത്സരക്ഷമത
ദീർഘകാല തൊഴിൽ വിസ സൗകര്യങ്ങൾ എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക സഹകരണം പുതിയ തലത്തിലേക്ക് ഉയർത്താൻ ശേഷിയുള്ള കരാറായാണ് ഇതിനെ വിലയിരുത്തുന്നത്. പ്രത്യേകിച്ച് പശ്ചിമേഷ്യൻ വിപണികളിൽ സാന്നിധ്യം വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കമ്പനികൾക്കും വിദഗ്ധർക്കും ഈ കരാർ വലിയ അവസരങ്ങൾ തുറന്നുകൊടുക്കുമെന്നാണ് വ്യാപാര രംഗത്തിന്റെ പ്രതീക്ഷ.
