15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ഭവ്യ’ വ്യവസായ പാർക്ക് പദ്ധതിയിൽ മറ്റു സംസ്ഥാനങ്ങൾ സജീവമായി രംഗത്തെത്തുമ്പോൾ കേരളം ഇപ്പോഴും തീരുമാനമില്ലാതെ നിൽക്കുന്നു. വ്യവസായ അവസരങ്ങൾ പലവട്ടം നഷ്ടപ്പെടുത്തിയ കേരളം മറ്റൊരു വലിയ സാധ്യത കൂടി കൈവിടുമോയെന്ന ആശങ്ക ശക്തമാകുകയാണ്.
‘ഭാരത് ഔദ്യോഗിക് വികാസ് യോജന’ (ഭവ്യ) എന്ന പേരിലുള്ള പദ്ധതി കേന്ദ്ര സർക്കാർ മാർച്ചിലാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് പ്ലഗ് ആൻഡ് പ്ലേ സൗകര്യങ്ങളോടുകൂടിയ 100 ആധുനിക വ്യവസായ പാർക്കുകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. ഇതിനായി 33,660 കോടി രൂപയുടെ പിന്തുണയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
പാർക്കുകളിലെ ഓരോ ഏക്കറിനും അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപവരെ കേന്ദ്ര സഹായം ലഭിക്കും. കുറഞ്ഞത് 100 ഏക്കർ ഭൂമിയാണ് പദ്ധതിക്ക് ആവശ്യമായത്. മലനിര പ്രദേശങ്ങളിൽ ഇത് 25 ഏക്കറാക്കി കുറച്ചിട്ടുണ്ട്. പാർക്കുകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് ആവശ്യമായ അനുമതികൾ മുൻകൂറായി ലഭ്യമാക്കുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
ലഡാക്ക് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ പോലും ഇതിനകം അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ആദ്യഘട്ടത്തിൽ തന്നെ പദ്ധതി സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആദ്യമായി സ്ഥാപിക്കുന്ന 50 പാർക്കുകളിൽ ഇടം നേടുകയെന്നതാണ് ഇവരുടെ ലക്ഷ്യം.അതേസമയം, കേരളത്തിൽ മുൻ സർക്കാരിന്റെ കാലത്ത് ചില പ്രാഥമിക പഠനങ്ങൾ നടത്തിയിരുന്നുവെങ്കിലും പുതിയ സർക്കാർ രൂപീകരണവും നയതീരുമാനങ്ങളും വരുംവരെ അന്തിമ നീക്കങ്ങൾ ഉണ്ടാകില്ലെന്ന നിലപാടിലാണ് അധികൃതർ.
കേന്ദ്ര വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (NICDIT) ആണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്. പദ്ധതി അനുവദിക്കപ്പെട്ടാൽ വ്യവസായ സൗഹൃദ നയങ്ങൾ രൂപപ്പെടുത്തുകയും പാർക്ക് നടത്തിപ്പിനായി പ്രത്യേക എസ്പിവി കമ്പനി രൂപീകരിക്കുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമായിരിക്കും.

