ഇറാൻ ആക്രമണം താൽക്കാലികമായി മാറ്റിവച്ച് ട്രംപ്; എണ്ണവില ഇടിഞ്ഞു, സ്വർണം ഉയർന്നു

ഇറാനെതിരായ സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് Donald Trump പ്രഖ്യാപിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയേദ് അൽ നഹ്യാൻ എന്നിവർ നടത്തിയ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.ഇറാനുമായി ആണവ വിഷയത്തിൽ ചർച്ചകൾ തുടരാമെന്ന സൂചനയും ട്രംപ് നൽകി. യുഎസ് മുന്നോട്ടുവച്ച നിബന്ധനകൾ ഇറാൻ അംഗീകരിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ട്രംപ്, ഇറാൻ ഒരിക്കലും ആണവായുധ ശക്തിയാകില്ലെന്നും ആവർത്തിച്ചു.

അതേസമയം, സ്ഥിതിഗതികൾ പൂർണമായും ശാന്തമായിട്ടില്ല. ആണവ പദ്ധതി നിയന്ത്രിക്കണമെന്നും വിദേശ ആസ്തി മരവിപ്പിച്ച നടപടി അംഗീകരിക്കണമെന്നും ഉൾപ്പെടെയുള്ള യുഎസ് നിർദേശങ്ങൾ ഇറാൻ നേരത്തെ തള്ളിയിരുന്നു. മറുപടിയായി ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുദ്ധനാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചത്. എന്നാൽ ഈ ആവശ്യങ്ങൾ ട്രംപ് തള്ളിക്കളഞ്ഞു.സംഭവവികാസങ്ങൾക്കിടെ ട്രംപ് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നതായും റിപ്പോർട്ടുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനും ജോയിന്റ് ചീഫ്സ് ചെയർമാൻ ജനറൽ ഡാൻ കെയ്നിനും ഏത് നിമിഷവും ശക്തമായ ആക്രമണത്തിന് സജ്ജരാകാൻ നിർദേശം നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിലും പ്രതികരണം പ്രകടമായി. ക്രൂഡോയിൽ വില ഇടിവ് രേഖപ്പെടുത്തി. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.70 ശതമാനം കുറഞ്ഞപ്പോൾ ബ്രെന്റ് ക്രൂഡും 2 ശതമാനത്തിലേറെ താഴ്ന്നു. യുഎഇയുടെ മർബൻ ക്രൂഡിന്റെയും വില താഴ്ന്നു.എണ്ണവില കുറഞ്ഞതോടെ യുഎസ് ഡോളർ ഇൻഡക്സും നേരിയ നഷ്ടത്തിലേക്ക് നീങ്ങി. അതേസമയം ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും ഇടിവ് സ്വർണവിലയ്ക്ക് പിന്തുണയായി. രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നതോടെ കേരളത്തിലും ഇന്ന് സ്വർണവില വർധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.