പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; ഇനി ആപ്പിൽ തന്നെ മൊബൈൽ റീചാർജും

പ്രീപെയ്ഡ് മൊബൈൽ റീചാർജുകൾ ഇനി നേരിട്ട് വാട്സ്ആപ്പ് ആപ്പിനുള്ളിൽ തന്നെ നടത്താനാകുന്ന പുതിയ സൗകര്യം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇതിനായി ഫിൻടെക് സ്ഥാപനമായ പേ യു (PayU)യുമായി വാട്സ്ആപ്പ് കൈകോർക്കുകയാണ്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ പ്രധാന ടെലികോം സേവനദാതാക്കളുടെ നമ്പറുകൾ റീചാർജ് ചെയ്യാൻ ഈ ഫീച്ചർ ഉപകരിക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2020ൽ ഇന്ത്യയിൽ ആരംഭിച്ച വാട്സ്ആപ്പ് പേയ്‌മെന്റ്സ് സേവനത്തിന് രാജ്യത്തെ വലിയ ഉപയോക്തൃ അടിസ്ഥാനമുണ്ടെങ്കിലും, യുപിഐ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എൻപിസിഐയുടെ കണക്കുകൾ പ്രകാരം, മാർച്ചിൽ വാട്സ്ആപ്പ് ഏകദേശം 130 മില്യൺ ഇടപാടുകൾ മാത്രമാണ് കൈകാര്യം ചെയ്തത്. അതേസമയം ഫോൺപേ 10.5 ബില്യൺ ഇടപാടുകളും ഗൂഗിൾ പേ 7.5 ബില്യൺ ഇടപാടുകളും പ്രോസസ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. 2024 അവസാനം എൻപിസിഐ വാട്സ്ആപ്പ് പേയ്‌മെന്റ്സിലെ ഉപയോക്തൃ പരിധികൾ നീക്കിയതോടെ സേവനത്തിന്റെ വ്യാപ്തി വർധിക്കുകയും 2025 തുടക്കത്തിൽ ഇടപാടുകൾ ഗണ്യമായി ഉയരുകയും ചെയ്തിരുന്നു.

പുതിയ റീചാർജ് ഫീച്ചർ വാട്സ്ആപ്പിന്റെ ഇന്ത്യയിലെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ്. ഇതിനകം ബിൽ പേയ്‌മെന്റുകൾ, മെട്രോ ടിക്കറ്റ് ബുക്കിംഗ്, സർക്കാർ സേവനങ്ങൾ തുടങ്ങിയവ ചാറ്റ്ബോട്ടുകൾ വഴി ലഭ്യമാക്കിയിട്ടുള്ള കമ്പനി, ചാറ്റിംഗ് ആപ്പിനെ സമഗ്ര ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായി മാറ്റാനാണ് ലക്ഷ്യമിടുന്നത്.