കൊക്കോ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യ ‘നാഷണൽ മിഷൻ ഓൺ കൊക്കോ’ എന്ന ബൃഹത് പദ്ധതിക്ക് തുടക്കമിടുന്നു. 2040-ഓടെ കൊക്കോയുടെ ഇറക്കുമതി പൂർണമായും കുറച്ച് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയിലെ ചോക്ലേറ്റ്, ഭക്ഷ്യസംസ്കരണ മേഖലകൾ അതിവേഗം വളരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ രാജ്യത്തിനാവശ്യമായ കൊക്കോയുടെ 20 ശതമാനത്തിൽ താഴെ മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. ശേഷിക്കുന്ന വലിയൊരു പങ്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്നു. പ്രതിവർഷം ഏകദേശം 866 മില്യൺ ഡോളർ (ഏകദേശം 7,200 കോടി രൂപ) കൊക്കോ ഇറക്കുമതിക്കായി ചെലവാക്കുന്നുണ്ട്. 2040-ഓടെ രാജ്യത്തെ കൊക്കോ ആവശ്യകത 4.67 ലക്ഷം ടണ്ണായി ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ആവശ്യവിതരണം നികത്താൻ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കൽ അനിവാര്യമാണ്.
പദ്ധതിയുടെ ഭാഗമായി കൊക്കോ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ദേശീയ മിഷൻ രൂപീകരിക്കാനാണ് നിർദേശം. ഇതിന്റെ പ്രധാന ഘടകങ്ങൾ ചുവടെ:
സെന്റർ ഓഫ് എക്സലൻസ്:– കൊക്കോ കൃഷിയിൽ ഗവേഷണത്തിനും പരിശീലനത്തിനുമായി പ്രത്യേക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും.
സാമ്പത്തിക പിന്തുണ: കര്‍ഷകര്‍ക്ക് കൃഷി ആരംഭിക്കാനും ആധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും സാമ്പത്തിക സഹായവും നയപരമായ പിന്തുണയും നൽകും.
ഡിജിറ്റൽ ട്രാക്കിംഗ്: ഉൽപ്പാദനം മുതൽ വിപണനം വരെ കൊക്കോയുടെ യാത്ര ഡിജിറ്റൽ സംവിധാനത്തിലൂടെ നിരീക്ഷിക്കും.
ലോകത്തെ കൊക്കോ ഉൽപ്പാദനത്തിന്റെ ഏകദേശം 70 ശതമാനവും Ivory Coast, Ghana, Nigeria, Cameroon എന്നീ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ്. ഈ ആധിപത്യത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് സ്വന്തം മണ്ണിൽ കൊക്കോ ഉൽപ്പാദന വിപ്ലവം സൃഷ്ടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.പദ്ധതി വിജയകരമായി നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് സ്ഥിരമായ വരുമാനവും രാജ്യത്തിന് വലിയ സാമ്പത്തിക ലാഭവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
