ട്രംപിന്റെ 10% അധികതീരുവ റദ്ദാക്കി യുഎസ് കോടതി

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം അധിക ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി. തീരുവ സമ്പ്രദായം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു പ്രഖ്യാപനം
ട്രംപ് പ്രഖ്യാപിച്ച വ്യാപകമായ അധികതീരുവ സമ്പ്രദായം ഫെബ്രുവരി 20ന് യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് 150 ദിവസത്തേക്ക് 10 ശതമാനം ആഗോള തീരുവ വീണ്ടും പ്രഖ്യാപിച്ചത്. ഈ നടപടിയെയാണ് യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡ് അസാധുവാക്കിയത്.

1974ലെ യുഎസ് വ്യാപാരനിയമത്തിലെ സെക്‌ഷൻ 122 പ്രകാരം പ്രസിഡന്റിന് കോൺഗ്രസിന്റെ അനുമതിയില്ലാതെ പരമാവധി 15 ശതമാനം വരെ അധികതീരുവ ചുമത്താനുള്ള അധികാരമുണ്ട്. എന്നാൽ ഈ ചട്ടം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ ട്രംപിന്റെ തീരുവ നയം പാലിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ഇന്ത്യ–യുഎസ് വ്യാപാരബന്ധത്തിലും അനിശ്ചിതത്വം

ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്ക് യുഎസ് കോടതികളിൽനിന്ന് തുടർച്ചയായി തിരിച്ചടികൾ നേരിടുന്നത് ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന്റെ ഭാവിയെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
സ്ഥിരതയുള്ളതും നിയമപരമായ സാധുതയുള്ളതുമായ തീരുവ ചട്ടക്കൂട് രൂപപ്പെടുന്നതുവരെ ഇന്ത്യ വ്യാപാരക്കരാറിൽ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. യുഎസിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഇന്ത്യ നൽകുന്ന ഇളവുകൾക്ക് തുല്യമായ പരിഗണന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും യുഎസ് വിപണിയിൽ ലഭിക്കുമെന്നുറപ്പാക്കുന്നതും നിർണായകമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഈടാക്കിയ തീരുവ തിരികെ നൽകേണ്ടിവരും

കോടതി വിധിയോടെ ഈ അധികതീരുവ തുടർന്നും ഈടാക്കുന്നത് നിർത്തിവയ്ക്കേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ഇതിനകം ഈടാക്കിയ തീരുവ തിരികെ നൽകേണ്ടിവരുമെന്ന സാധ്യതയും നിലനിൽക്കുന്നു.അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.