സംസ്ഥാനത്ത ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് നികുതി 247%;

ഭാരിച്ച നികുതിയാണ് സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്. കേയ്സിനു 400 രൂപയ്ക്കു താഴെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 247 ശതമാനമാണ് നികുതി. കേയ്സിനു 400 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 237 ശതമാനവും ഇന്ത്യയിൽ നിർമിക്കുന്ന ബിയറിന് 112 ശതമാനവുമാണ് നികുതി. ബവ്റിജസ് കോർപറേഷൻ മദ്യക്കമ്പനികളിൽനിന്നു വാങ്ങുന്ന വിലയ്ക്കുമേലുള്ള നികുതിയും എക്സൈസ് ഡ്യൂട്ടിയും ഗാലനേജ് ഫീസും (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്ന ഫീസ്), ലാഭം, പ്രവർത്തന ചെലവ് എന്നിവയും ചുമത്തിയശേഷമാണു മദ്യം ഷോപ്പുകളിൽ വിൽപനയ്ക്കു വരുന്നത്.

2020ൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കനുസരിച്ചു ബെക്കാർഡി ക്ലാസിക്കിന്റെ ഒരു കുപ്പി മദ്യം ബവ്റിജസ് കോർപറേഷൻ വാങ്ങുന്നത് 168 രൂപയ്ക്കായിരുന്നു. വിൽക്കുന്നത് 1240 രൂപയ്ക്കും. സർക്കാരിനു കിട്ടിയിരുന്നത് 1072 രൂപ. പുതിയ നികുതി നിരക്ക് അനുസരിച്ച് ഈ തുക കൂടും. ഡിസ്റ്റലറികളിൽനിന്നു മദ്യം വാങ്ങുന്ന വില വെളിപ്പെടുത്താനാകില്ലെന്നാണ് കോർപറേഷനിലെ ധനകാര്യ വിഭാഗത്തിന്റെ നിലപാട്.

കഴിഞ്ഞ വർ‌ഷം ഫെബ്രുവരിയിൽ മദ്യത്തിന് 7% വിലവർധന വന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെ വർധിച്ചിരുന്നു. സ്പിരിറ്റിന്റെ വില വർധിച്ചതിനാൽ 11.6% വർധനയാണു മദ്യ നിർമാതാക്കൾ ആവശ്യപ്പെട്ടത്. 2017 നവംബറിനു ശേഷം ആദ്യമായാണു വില വർധിപ്പിച്ചത്.