പാകിസ്ഥാൻ പൗരന്മാർക്ക് യുഎഇ അപ്രഖ്യാപിതമായി വിസ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണവുമായി പാകിസ്ഥാനിലെ വ്യാപാര സംഘടനകൾ. ഈ സാഹചര്യം വ്യാപാരം, കയറ്റുമതി, നിക്ഷേപം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. എന്നാൽ, പാകിസ്ഥാൻ പൗരന്മാർക്ക് പ്രത്യേക വിസ വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാ വിഭാഗങ്ങളിലുമുള്ള വിസ അപേക്ഷകളും സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച് പരിഗണിച്ചുവരികയാണെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.
വ്യാപാര സംഘടനകളുടെ ആരോപണം
ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളുമായി വർഷങ്ങളായി വ്യാപാരബന്ധം പുലർത്തുന്ന നിരവധി പാകിസ്ഥാൻ വ്യാപാരികൾക്കും നിക്ഷേപകർക്കും കയറ്റുമതിക്കാർക്കും വിസ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി റാവൽപിണ്ടി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആരോപിച്ചു.പ്രശ്നം യുഎഇ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് കറാച്ചി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അംഗങ്ങളും അറിയിച്ചു. വിസ ലഭ്യതയിലെ അനിശ്ചിതത്വം കയറ്റുമതി, ആരോഗ്യരംഗം, ടൂറിസം ഉൾപ്പെടെയുള്ള മേഖലകളെ ബാധിക്കുന്നുണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ.
യാത്രക്കാരുടെ എണ്ണത്തിലും കുറവ്
സന്ദർശക വിസയും കുടുംബ വിസയും ലഭിക്കുന്നതിൽ കാലതാമസവും ബുദ്ധിമുട്ടും നേരിടുന്നതിനാൽ യുഎഇയിലേക്കുള്ള പാകിസ്ഥാൻ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായി ഏവിയേഷൻ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുഎഇയുടെ വിശദീകരണം
അതേസമയം, പാകിസ്ഥാൻ പൗരന്മാർക്ക് അപ്രഖ്യാപിത വിസ വിലക്കോ പ്രത്യേക നിയന്ത്രണങ്ങളോ നിലവിലില്ലെന്നാണ് യുഎഇ അധികൃതരുടെ ഔദ്യോഗിക വിശദീകരണം. എല്ലാ വിസ അപേക്ഷകളും നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് പരിഗണിക്കുന്നതെന്നും അധികൃതർ ആവർത്തിച്ചു.
