കോട്ടയത്ത് രണ്ടാമത്തെ ലുലു ഹൈപ്പർമാർക്കറ്റ്; ചങ്ങനാശേരിയിൽ 550 പുതിയ തൊഴിൽ അവസരങ്ങൾ

കോട്ടയം ജില്ലയിൽ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ചങ്ങനാശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെജിഎ മാളിലാണ് 50,000 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ലുലു തിരുവനന്തപുരം-തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദനും കെജിഎ ഗ്രൂപ്പ് ഡയറക്ടറും സിഇഒയുമായ കെ.സി. ഈപ്പനും ഒപ്പുവച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, കെജിഎ ഗ്രൂപ്പ് ചെയർമാൻ കെ.ജി. എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ.

ചങ്ങനാശേരിയിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് കോട്ടയം ജില്ലയ്ക്ക് പുറമെ സമീപപ്രദേശങ്ങളായ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഉപഭോക്താക്കൾക്കും ഏറെ സൗകര്യപ്രദമാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ 550ലേറെ പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും.കുവൈത്ത് ആസ്ഥാനമായുള്ള കെജിഎ ഗ്രൂപ്പിന്റെ കെജിഎ മാളിലാണ് ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുക. ഹൈപ്പർമാർക്കറ്റിന് പുറമെ പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ ബ്രാൻഡുകളുടെ ഷോറൂമുകൾ, റെസ്റ്ററന്റുകൾ, കഫേകൾ, ലക്ഷ്വറി ഹോട്ടൽ, ബാങ്ക്വറ്റ് ഹാൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളും മാളിൽ ഒരുക്കും.

മികച്ച പാർക്കിങ് സൗകര്യങ്ങളോടെയും ആധുനിക സൗകര്യങ്ങളോടെയുമാണ് കെജിഎ മാൾ ഉയരുന്നത്. ചങ്ങനാശേരിയുടെയും സമീപ ജില്ലകളുടെയും വാണിജ്യ-റീട്ടെയിൽ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതാകും ലുലുവിന്റെ പുതിയ സംരംഭമെന്നാണ് പ്രതീക്ഷ.