ഇലക്ട്രിക് ടൂവീലർ വാങ്ങാൻ വീണ്ടും സബ്സിഡി; ‘പിഎം ഇ-ഡ്രൈവ്’ പദ്ധതി രണ്ടു വർഷത്തേക്ക് നീട്ടി കേന്ദ്രം

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് വീണ്ടും സബ്സിഡി ലഭിക്കും. ‘പിഎം ഇ-ഡ്രൈവ്’ പദ്ധതിയുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2028 സാമ്പത്തിക വർഷം വരെ നീട്ടിയ പദ്ധതിയുടെ ബജറ്റ് വിഹിതത്തിലും 1,000 കോടി രൂപയുടെ വർധന വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പദ്ധതിയാണ് ഇന്നലെ മുതൽ വീണ്ടും പ്രാബല്യത്തിൽ വന്നത്.ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്സിഡി ക്ലെയിം ചെയ്യാനുള്ള അവസാന തീയതി 2027 ഡിസംബർ 31 ആയിരിക്കും.

സബ്സിഡി വിഹിതം വർധിപ്പിച്ചു

പദ്ധതിയുടെ കാലാവധി നീട്ടിയതിനൊപ്പം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി വിഹിതവും ഉയർത്തിയിട്ടുണ്ട്. നേരത്തെ 1,772 കോടി രൂപയായിരുന്ന വിഹിതം 2,767 കോടി രൂപയായാണ് വർധിപ്പിച്ചത്.
സബ്സിഡിക്ക് അർഹതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എണ്ണവും 24 ലക്ഷത്തിൽ നിന്ന് 45.7 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഇതോടെ കൂടുതൽ ഉപഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

പരമാവധി 5,000 രൂപ വരെ സബ്സിഡി

എക്സ്-ഫാക്ടറി വില 1.5 ലക്ഷം രൂപയിൽ കൂടാത്ത ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കാണ് ‘പിഎം ഇ-ഡ്രൈവ്’ പദ്ധതിയിലൂടെ സബ്സിഡിക്ക് അർഹത.ബാറ്ററി ശേഷിയുടെ അടിസ്ഥാനത്തിലാണ് സബ്സിഡി കണക്കാക്കുന്നത്. ഒരു കിലോവാട്ട് അവർ (kWh) ബാറ്ററി ശേഷിക്ക് 2,500 രൂപയാണ് സബ്സിഡി ലഭിക്കുക. പരമാവധി 5,000 രൂപ വരെ ആനുകൂല്യം ലഭിക്കും.എന്നാൽ വാഹനത്തിന്റെ ആകെ വിലയുടെ 15 ശതമാനത്തിൽ കൂടുതൽ സബ്സിഡിയായി ലഭിക്കില്ല. അതിനാൽ എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും 5,000 രൂപ വീതം സബ്സിഡി ലഭിക്കണമെന്നില്ല.

ചുരുക്കത്തിൽ, വാഹനത്തിന്റെ ബാറ്ററി ശേഷിയും എക്സ്-ഫാക്ടറി വിലയും അനുസരിച്ചായിരിക്കും ലഭിക്കുന്ന സബ്സിഡി തുക നിശ്ചയിക്കുക.പദ്ധതി വീണ്ടും നീട്ടിയതോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.