അമേരിക്കൻ സമ്മർദങ്ങൾക്കിടയിലും പിന്നോട്ടില്ലെന്ന നിലപാടിൽ ഇറാൻ പുതിയ നീക്കവുമായി മുന്നോട്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള സംവിധാനം ഇറാൻ ആരംഭിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പാനമ കനാൽ, സൂയസ് കനാൽ എന്നിവ പോലെ വലിയ വരുമാന ഉറവിടമാക്കി ഹോർമുസിനെ മാറ്റാനാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തൽ. ഇതിനായി നിയമം കൊണ്ടുവരാനും ഇറാൻ പാർലമെന്റ് തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഹോർമുസിലൂടെ പതിവ് പാതയിൽ പോകുന്ന കപ്പലുകളെ ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) തടഞ്ഞ്, ലാറക് ദ്വീപ് വഴിയാണ് കടത്തിവിടുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന നിയന്ത്രണ കേന്ദ്രത്തിലൂടെയാണ് കപ്പലുകൾ കടക്കേണ്ടത്.കപ്പലുകൾക്ക് കടന്നുപോകുന്നതിന് മുമ്പ് വിശദമായ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. കപ്പലിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ, ജീവനക്കാരുടെ വിവരങ്ങൾ, ചരക്കിന്റെ സ്വഭാവം, ലക്ഷ്യസ്ഥാനം എന്നിവ സമർപ്പിക്കണം. അനുമതി ലഭിച്ചാൽ മാത്രമേ യാത്ര തുടരാൻ കഴിയൂ; ഇല്ലെങ്കിൽ കപ്പൽ തിരികെ പോകണം. മാർച്ച് 13ന് ശേഷം നിരവധി കപ്പലുകൾ ഈ പ്രക്രിയയിലൂടെ കടന്നുപോയതായാണ് റിപ്പോർട്ടുകൾ.
ടോൾ തുക സംബന്ധിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും, പല കപ്പലുകളും ചൈനീസ് യുവാൻ കറൻസിയിലാണ് പണമടച്ചതെന്നാണ് സൂചന. ഇതിന് ഇടനില നിൽക്കുന്നതും ഒരു ചൈനീസ് കമ്പനിയാണെന്ന് റിപ്പോർട്ടുകളുണ്ട്.അതേസമയം, ഇന്ത്യൻ കപ്പലുകൾ ടോൾ നൽകാതെ കടന്നുപോയതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ പതാകയുള്ള എൽപിജി ടാങ്കറായ ‘പൈൻ ഗ്യാസ്’ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ കപ്പലുകൾ ഈ വഴിയാണ് സഞ്ചരിക്കുന്നത്.
ഈ നീക്കത്തിനെതിരെ രാജ്യാന്തര തലത്തിൽ വിമർശനം ശക്തമാകുന്നു. പാനമ, സൂയസ് കനാലുകൾ മനുഷ്യനിർമിത കപ്പൽപാതകളാണ്. എന്നാൽ ഹോർമുസ് സ്വാഭാവിക കടൽപാതയായതിനാൽ ഇവിടെ ടോൾ ഈടാക്കുന്നത് അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ ലംഘനമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ആഗോള വ്യാപാരത്തെയും ഊർജ്ജസുരക്ഷയെയും ഗൗരവമായി ബാധിക്കാനിടയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.
