ഹോർമുസിലെ ഗതാഗത തടസം അംഗീകരിക്കാനാവില്ല; ഇന്ത്യ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളി

പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷാവസ്ഥ ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഈ പ്രശ്നം ആഗോള സാമ്പത്തിക രംഗത്തിനുതന്നെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും, ഇന്ത്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങളിൽ ഉണ്ടാകുന്ന സംഘർഷം അപ്രതീക്ഷിത പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷ മേഖലയിലായി ഒരു കോടിയിലധികം ഇന്ത്യക്കാർ താമസിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇവരിൽ ഏകദേശം മൂന്ന് ലക്ഷം പേർ ഇതിനകം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ചിലർക്ക് ജീവൻ നഷ്ടമായതും ദുഃഖകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത് ഇന്ത്യ നേരിട്ട വലിയ അപ്രതീക്ഷിത വെല്ലുവിളിയാണ്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ആശയവിനിമയം നടത്തി. അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയും വിനോദസഞ്ചാരികളെയും സഹായിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം,” അദ്ദേഹം പറഞ്ഞു.

ഹോർമുസ് കടലിടുക്കിലെ സംഘർഷം ചരക്കുനീക്കത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് ആവശ്യമായ പെട്രോളിയത്തിന്റെ ഏകദേശം 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. എൽപിജി ക്ഷാമം നേരിടുന്നതിനാൽ, ഇപ്പോൾ ഗാർഹിക ആവശ്യങ്ങൾക്കായി മാത്രമാണ് വിതരണം ചെയ്യുന്നത്. രാജ്യത്തിനുള്ളിലെ എൽപിജി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ടെന്നും, പെട്രോളിയം ശേഖരങ്ങൾ ആവശ്യത്തിന് നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൂടാതെ, മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്നും, ഊർജ പ്രതിസന്ധി മറികടക്കാൻ സർക്കാർ സജീവമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 41 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഇപ്പോൾ ഊർജം ഇറക്കുമതി ചെയ്യുന്നത്. പെട്രോളിയത്തിന്റെ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.സമാധാനം ഉറപ്പാക്കാൻ നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യ ശ്രമം തുടരുകയാണെന്നും, എന്നാൽ വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം തടസ്സപ്പെടുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതിനുമുമ്പ്, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ 13 മന്ത്രിമാരുടെ പ്രത്യേക യോഗം ചേർന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ലോക്സഭയിൽ അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.