വിദേശത്തു നിർമിക്കുന്ന സിനിമകൾക്ക് യുഎസിൽ 100% ചുങ്കം ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്. മറ്റു രാജ്യങ്ങൾ വലിയ ഇൻസെന്റീവുകൾ നൽകി സിനിമാ ചിത്രീകരണത്തെ ആകർഷിക്കുന്നത് ഹോളിവുഡ് വ്യവസായത്തെ അതിവേഗം മരണത്തിലേക്ക് തള്ളുകയാണെന്ന് ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചു.
ചലച്ചിത്ര ചിത്രീകരണങ്ങൾ വീണ്ടും അമേരിക്കയിൽ തന്നെ സാധ്യമാക്കുകയാണ് ചുങ്കം ഏർപ്പെടുത്തിയതിന്റെ ലക്ഷ്യം. ചുങ്കം ഈടാക്കുന്ന നടപടികൾ തുടങ്ങിയെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സും വ്യക്തമാക്കി. മറ്റു രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വൻ ഓഫറുകൾ യുഎസിന്റെ ‘ദേശീയ സുരക്ഷയ്ക്കു തന്നെ ഭീഷണി’യാണെന്നാണ് ട്രംപ് കുറിച്ചത്.
അതേസമയം, ഏത് തരത്തിലാണ് ചുങ്കം ഈടാക്കുകയെന്ന് വ്യക്തമല്ല. തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നവയ്ക്ക് മാത്രമാണോ അതോ ഒടിടി പ്ലാറ്റ്ഫോമുകൾക്കും ബാധകമാണോ എന്നതിൽ ആശയക്കുഴപ്പമുണ്ട്. 100 ശതമാനം ചുങ്കം ഏർപ്പെടുത്തിയ നീക്കം ബോളിവുഡ് സിനിമകൾക്കും തിരിച്ചടിയാകും. നിലവിൽ ഒട്ടുമിക്ക ഹോളിവുഡ് സിനിമകളുടെയും ചിത്രീകരണം നടക്കുന്നത് മറ്റു രാജ്യങ്ങളിലാണ്.
പ്രമുഖ യുഎസ് മീഡിയ കമ്പനികളായ വോൾട്ട് ഡിസ്നി, നെറ്റ്ഫ്ലിക്സ്, യൂണിവേഴ്സൽ പിക്ചേഴ്സ് തുടങ്ങിയവയും കാനഡ, ബ്രിട്ടൻ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ചലച്ചിത്ര നിർമാണം നടത്തുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദശാബ്ദത്തിനിടെ യുഎസിൽ ഫിലിം, ടെലിവിഷൻ ചിത്രീകരണങ്ങൾ 40 ശതമാനം ഇടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഹോളിവുഡിനെ വീണ്ടും കരുത്തുറ്റതാക്കാനായി കഴിഞ്ഞ ജനുവരിയിൽ ട്രംപ് ഹോളിവുഡിലെ പ്രമുഖരായ സിൽവെസ്റ്റർ സ്റ്റാലോൺ, മെൽ ഗിബ്സൺ തുടങ്ങിയവരെ നിയോഗിച്ചിരുന്നു.
ചൈന ഈയിടെ രാജ്യത്ത് പ്രദർശിപ്പിക്കുന്ന ഹോളിവുഡ് സിനിമകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. യുഎസ് കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ സിനിമാ വ്യവസായ രാജ്യമായ ചൈനയിൽ ഇതുവഴി ആഭ്യന്തര സിനിമകൾ ഹോളിവുഡ് സിനിമകളെ മറികടന്ന് മികച്ച വരുമാനനേട്ടവും കൈവരിച്ചിരുന്നു
