വെജിറ്റേറിൻ പാൽ; സസ്യാധിഷ്ടിത ബദല്‍ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സിന്തൈറ്റ് ഗ്രൂപ്പ്.

പാലിന് പകരമുപയോഗിക്കാവുന്ന സസ്യാധിഷ്ടിത ബദല്‍ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചി ആസ്ഥാനമായ സിന്തൈറ്റ് ഗ്രൂപ്പ്. ആന്റിബയോട്ടിക്കുകളോ മൃഗകൊഴുപ്പുകളോ ഇല്ലാത്ത ഉൽപന്നമെന്ന നിലയിലാണ് വിപണനം ലക്ഷ്യമിട്ടിരിക്കുന്നത്. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന കയറ്റുമതിയിലെ മുന്‍ നിരക്കാരായ സിന്തൈറ്റ് അമേരിക്കന്‍ കമ്പനിയായ പി മെഡ്സിന്‍റെ സഹകരണത്തോടെയാണ് പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നത്.. ഉൽപന്നത്തിനാവശ്യമായ മുഴുവന്‍ ചേരുവകളും ഇന്‍ഡ്യയില്‍ നിന്നു തന്നെയാണ് സമാഹരിക്കുന്നത്.

അമേരിക്കന്‍ കമ്പനിയായ പി മെഡ്സുമായും ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായും ചേര്‍ന്ന് രൂപീകരിച്ച പി ഫുഡ്സ് എന്ന കമ്പനിയാണ് പാലിന് പകരമുള്ള സസ്യ പ്രോട്ടീന്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ചായക്കും കാപ്പിക്കും പാലിന് പകരമുപയോഗിക്കാവുന്ന ചിലവു കുറഞ്ഞ സസ്യാധിഷ്ടിത ഉൽപന്നമെന്ന നിലയിലാണ് ജസ്റ്റ് പ്ലാന്‍റ്സ് വികസിപ്പിച്ചെടുക്കുന്നത്. സസ്യാധിഷ്ടിത പോഷക ഉൽപന്നങ്ങള്‍ക്കുള്ള പുതിയ വിപണി ലക്ഷ്യം വച്ചാണ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത്.

ആദ്യ ഘട്ടത്തില്‍ മുന്‍നിര ഓണ്‍ലൈന്‍ ബ്രാന്‍ഡുകള്‍ വഴിയാണ് വിപണനം ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ മാളുകളിലും ഉൽപന്നമെത്തുമെന്നും കമ്പനി വ്യക്തമാക്കി