വാർഷിക ജിഎസ്ടി റിട്ടേൺ ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും

20 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ളവർക്കുള്ള വാർഷിക ജിഎസ്ടി റിട്ടേൺ (ജിഎസ്ടിആർ–9) ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും. വൈകുന്ന ഓരോ ദിവസത്തിനും 200 രൂപയാണ് നിലവിൽ പിഴ. 5 കോടി വരെയുള്ളവർക്ക് ഇനി പ്രതിദിനം 50 രൂപയും 5–20 കോടിയുള്ളവർക്ക് 100 രൂപയുമായിരിക്കും ഇനി നിരക്ക്. പരമാവധി പിഴത്തുക വിറ്റുവരവിന്റെ 0.5% ആയിരുന്നത് 0.04% ആയി കുറച്ചു. നിലവിൽ ജിഎസ്ടിആർ–4, ജിഎസ്ടിആർ–9, ജിഎസ്ടിആർ–10 ഫയലിങ്ങ് നടത്താത്തവർക്ക് ഉപാധികളോടെ ലേറ്റ് ഫീ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും.

റദ്ദായ ജിഎസ്ടി റജിസ്ട്രേഷൻ തിരികെ ലഭിക്കാനുള്ള അപേക്ഷാ സമയപരിധി 30 ദിവസത്തിൽനിന്ന് 90 ദിവസമാക്കി. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് 180 ദിവസം കൂടി പരമാവധി അനുവദിക്കാം. റിട്ടേണുകൾ ഫയൽ ചെയ്യാതെ മുൻപ് റദ്ദായ ജിഎസ്ടി റജിസ്ട്രേഷൻ തിരിച്ചുപിടിക്കാൻ ഉപാധികളോടെ അവസരം നൽകും. ജിഎസ്ടി തർക്കങ്ങളിലുള്ള രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി ട്രൈബ്യൂണൽ വൈകാതെ നിലവിൽ വരും. ഡൽഹിയിലായിരിക്കും മുഖ്യ ബെഞ്ച്. എല്ലാ സംസ്ഥാനങ്ങളിലും ബെഞ്ചുകളുണ്ടാകും.