വാട്ടർചാർജ് കൂട്ടിയതിനു പിന്നാലെ ഏപ്രിൽ 1 മുതൽ 5% കൂടി വർധിപ്പിക്കാൻ ജല അതോറിറ്റി

ഈമാസം മൂന്നിന് വാട്ടർചാർജ് കൂട്ടിയതിനുപിന്നാലെ ഏപ്രിൽ 1 മുതൽ 5% കൂടി വർധിപ്പിച്ച് ജല അതോറിറ്റിയുടെ ‘അടുത്ത പ്രഹരം.

ലീറ്ററിന് ഒരു പൈസ കൂട്ടിയതിനെത്തുടർന്ന് ഈ മാസം 3 മുതൽ വിവിധ സ്ലാബുകളിലായി 50– 500 രൂപ വർധിച്ചിരുന്നു. ഇതിനു പുറമേ വിവിധ സ്ലാബുകളിലായി 3.50 രൂപ മുതൽ 60 രൂപ വരെ ഇനിയും കൂടും.

ഗാർഹിക, ഗാർഹികേതര, വ്യവസായ കണ‍ക്‌ഷനുകൾ, ടാങ്കർ ലോറികൾ, തദ്ദേശ സ്ഥാപനങ്ങളുടെ പൊതു ടാപ്പ് കണ‍ക്‌ഷൻ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫിൽ വർധനയുണ്ടാകും. ഗാർഹികേതര ഉപയോക്താക്ക‍ൾക്കുള്ള ഫിക്സ്ഡ് നിരക്കും സുവിജ് നിരക്കും വർധിക്കും.

അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്രസർക്കാർ വ്യവസ്ഥപ്രകാരമാണ് പുതിയ വർധന. ലീറ്ററിന് ഒരു പൈസ വർധിപ്പിച്ച സാഹചര്യത്തിൽ 5% വർധന ഉണ്ടാകില്ലെന്നാണ് ജലഅതോറിറ്റി അധികൃതർ നേരത്തേ സൂചിപ്പിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിൽ, വർഷംതോറുമുള്ള 5% ചാർജ് വർധന പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.