ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആറാമത്തെ മാൾ നാളെ ഹൈദരാബാദിൽ

മലയാളി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ, ഇന്ത്യയിലെ ആറാമത്തെ മാൾ ഹൈദരാബാദിൽ സെപ്റ്റംബര്‍ 27ന് ആരംഭിക്കും. രണ്ട് ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ഹൈദരാബാദ് ലുലുവിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങുന്നത്.

ഹൈദരാബാദ് നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായിരിക്കും ഈ ആഴ്ച ആരംഭിക്കുന്ന ലുലു മാൾ. കുക്കട്ട്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന മാളില്‍ ഹൈപ്പര്‍മാര്‍ക്കറ്റും ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയും ഒപ്പം പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഷോറൂമുകളുമുണ്ടാകും. 5 സ്‌ക്രീൻ മൾട്ടിപ്ലക്‌സാണ് ഇവിടെയുള്ളത്. ഫുഡ് കോര്‍ട്ട്, പ്ലേ ഏരിയ എന്നിവയും അടങ്ങിയിട്ടുണ്ട്.

നിലവിൽ, കോയമ്പത്തൂർ, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പിന് ഷോപ്പിംഗ് മാളുകൾ ഉണ്ട്. ഇന്ത്യയിൽ 50,000 പേർക്ക് തൊഴിൽ നൽകാനാണ് തന്റെ ലക്ഷ്യമെന്നും ഇതുവരെ തന്റെ വിവിധ സംരംഭങ്ങളിലൂടെ 22,000-ത്തിലധികം തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ടെന്നും എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു