പ്രതീക്ഷിച്ചതിലും കൂടുതൽ പ്രവാസിപ്പണം; എഫ്സിഎൻആർ(ബി) പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കാൻ ആർബിഐ?

പ്രവാസികൾക്ക് വിദേശ കറൻസിയിൽ നിക്ഷേപിച്ച് ഉയർന്ന പലിശ നേടാൻ അവസരമൊരുക്കിയ എഫ്സിഎൻആർ(ബി) പദ്ധതിയിലെ പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായി സൂചന. പ്രതീക്ഷിച്ചതിലും വേഗത്തിൽ വൻതോതിൽ നിക്ഷേപം രാജ്യത്തേക്ക് എത്തിയതാണ് ഇതിന് കാരണം.എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾ സ്വീകരിക്കുമ്പോൾ ബാങ്കുകൾക്ക് ഉണ്ടാകുന്ന അധിക ബാധ്യത സെപ്റ്റംബർ 30 വരെ റിസർവ് ബാങ്ക് ഏറ്റെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പദ്ധതി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അവസാനിപ്പിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എങ്കിലും നിക്ഷേപം പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയർന്ന സാഹചര്യത്തിൽ ഇളവ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആർബിഐയും കേന്ദ്രസർക്കാരും ചർച്ച ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലക്ഷ്യം മറികടന്ന് നിക്ഷേപം

എഫ്സിഎൻആർ(ബി) നിക്ഷേപം ഈ ആഴ്ച തന്നെ 5,000 കോടി ഡോളർ കടന്നേക്കുമെന്നാണ് വിലയിരുത്തൽ. 5,000 മുതൽ 7,000 കോടി ഡോളർ വരെ സമാഹരിക്കുകയായിരുന്നു ആർബിഐയുടെ ലക്ഷ്യം. ഇത്രയും തുക ഇത്ര കുറഞ്ഞ കാലയളവിൽ എത്തുമെന്ന് അധികൃതർ പ്രതീക്ഷിച്ചിരുന്നില്ല.ജൂൺ 5ന് പദ്ധതി ആരംഭിച്ചതിന് ശേഷം ജൂലൈ 31 വരെയുള്ള 58 ദിവസത്തിനുള്ളിൽ 3,672 കോടി ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്തെത്തിയത്. ഓഗസ്റ്റ് ആറിലെ കണക്കനുസരിച്ച് ഇത് 4,278 കോടി ഡോളറായി ഉയർന്നു.പദ്ധതി സെപ്റ്റംബർ 30 വരെ തുടരുകയാണെങ്കിൽ 8,000 കോടി ഡോളർ വരെ സമാഹരിക്കാനാകുമെന്നാണ് എസ്ബിഐ റിസർച്ചിന്റെ വിലയിരുത്തൽ. ജെഫ്രീസിന്റെ റിപ്പോർട്ട് പ്രകാരം ഇത് 10,000 കോടി ഡോളർ വരെ ഉയരാനും സാധ്യതയുണ്ട്.

തിരിച്ചടവ് ബാധ്യത ആശങ്കയാകുമോ?

നിലവിൽ മൂന്ന്, അഞ്ച് വർഷ കാലാവധിയുള്ള എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾക്കാണ് ബാങ്കുകൾ ഉയർന്ന പലിശ നൽകുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകർക്ക് തുക തിരിച്ചുനൽകേണ്ടതുണ്ട്.
വൻതോതിൽ നിക്ഷേപം സ്വീകരിച്ചാൽ ഭാവിയിൽ ഇതിന്റെ തിരിച്ചടവ് ബാങ്കുകൾക്കും രാജ്യത്തിന്റെ വിദേശനാണ്യ വിപണിക്കും ബാധ്യതയാകുമോ എന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നത്.
രാജ്യത്ത് എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് പ്രത്യേക ഇളവ് നൽകുന്നത് ഇത് മൂന്നാം തവണയാണ്. 1993ലും 2013ലും സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.2013ലെ പ്രത്യേക പദ്ധതിയിലൂടെ 2,600 കോടി ഡോളറിന്റെ നിക്ഷേപമാണ് ലഭിച്ചത്. ഇവ തിരിച്ചുനൽകേണ്ട സമയത്ത് വിദേശനാണ്യശേഖരത്തിന് സമ്മർദമുണ്ടായിരുന്നു. മുൻകൂട്ടി ഡോളർ വാങ്ങുകയും വിദേശനാണ്യ വിപണിയിൽ ഇടപെടുകയും ചെയ്താണ് ആർബിഐ അന്ന് സാഹചര്യം കൈകാര്യം ചെയ്തത്.സമാനമായ സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് നിലവിലെ പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആർബിഐ ആലോചിക്കുന്നതെന്നാണ് സൂചന.

വിദേശനാണ്യശേഖരവും ശക്തമായി

ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിലുണ്ടായ വർധനയും ഡോളറിനെതിരെ രൂപയുടെ നില മെച്ചപ്പെട്ടതും ആർബിഐ പരിഗണിച്ചേക്കുമെന്ന് വിദഗ്ധർ പറയുന്നു.ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തിന്റെ വിദേശനാണ്യശേഖരം 1,050 കോടി ഡോളർ വർധിച്ച് 69,890 കോടി ഡോളറിലെത്തി. ഇതോടെ ഈ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 72,850 കോടി ഡോളറിന്റെ റെക്കോർഡ് മറികടക്കാനുള്ള സാധ്യതയും ശക്തമായി.

എന്താണ് എഫ്സിഎൻആർ(ബി)?

പ്രവാസികൾക്ക് വിദേശ കറൻസിയിൽ തന്നെ ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപം നടത്താൻ കഴിയുന്ന സംവിധാനമാണ് എഫ്സിഎൻആർ(ബി). യുഎസ് ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളിലാണ് ഇത്തരം നിക്ഷേപങ്ങൾ നടത്തുന്നത്.അടുത്തകാലം വരെ ഇത്തരം നിക്ഷേപങ്ങൾക്ക് ബാങ്കുകൾ ഏകദേശം 3.5 മുതൽ 4 ശതമാനം വരെ പലിശയാണ് നൽകിയിരുന്നത്. എന്നാൽ ഈ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അധിക ബാധ്യത ജൂണിൽ റിസർവ് ബാങ്ക് ഏറ്റെടുത്തതോടെ ബാങ്കുകൾക്ക് കൂടുതൽ പലിശ നൽകാൻ സാഹചര്യമൊരുങ്ങി.തുടർന്ന് എഫ്സിഎൻആർ(ബി) നിക്ഷേപങ്ങളുടെ പലിശ 6 മുതൽ 7.5 ശതമാനം വരെയായി ഉയർന്നു. ഉയർന്ന പലിശ നിരക്ക് ലഭിക്കുമെന്ന അവസരം പ്രയോജനപ്പെടുത്തി പ്രവാസികൾ കൂടുതൽ പണം ഇന്ത്യയിലേക്ക് അയയ്ക്കാൻ തുടങ്ങി.

ഇതിൽ ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയത് യുഎഇയിൽ നിന്നാണ്. അതേസമയം യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് സമാനമായ ഡിമാൻഡ് ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.പ്രവാസിപ്പണം പ്രതീക്ഷിച്ചതിലും വേഗത്തിൽ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന സാഹചര്യത്തിൽ, വിദേശനാണ്യശേഖരം ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ തിരിച്ചടവ് ബാധ്യതയും കണക്കിലെടുത്താകും ആർബിഐ ഇനി തീരുമാനം എടുക്കുക.