തിരിച്ചുവന്ന് ഇന്ത്യൻ ഓഹരി

തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തിലായ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ഉച്ചയ്ക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തി. ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിന്‍റെ പ്രസ്താവനയാണ് വിപണിക്ക് തുണയായത്. ചർച്ചകൾ തുടരുന്നത് വ്യാപാര കരാർ വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.തുടക്കത്തിൽ 700 പോയിന്‍റോളം നഷ്ടത്തിലായ സെൻസെക്സ് 1,000 പോയിന്‍റ് തിരിച്ചു കയറി 83,878.17 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 106.95 പോയിന്‍റ് നേട്ടത്തിൽ 25,790.25ലുമെത്തി. ഇന്നലെ വിദേശ നിക്ഷേപകർ 3,638 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായപ്പോൾ ആഭ്യന്തര നിക്ഷേപകർ 5,839 കോടിയുടെ അറ്റ വാങ്ങലുകാരായി.

ഇന്ന് ഗിഫ്റ്റ് നിഫ്റ്റി മുന്നേറ്റത്തിലാണ്. ഇന്ത്യൻ ഓഹരി വിപണി മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത. ഇന്നലെ ഇന്ത്യൻ രൂപ വലിയ നഷ്ടമില്ലാതെയാണ് ക്ലോസ് ചെയ്തത്. അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയുമാണ് രൂപയിൽ നിർണായകമായത്.