പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശമിച്ചതിനെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വില താഴ്ന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ. ഇന്ധനവില ദീർഘകാലത്തേക്ക് കുറഞ്ഞ നിലയിൽ തുടർന്നാൽ അധിക ഇന്ധന സർചാർജുകൾ ഒഴിവാക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു അറിയിച്ചു.
ഇന്ധനവിലയിലെ മാറ്റങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. അടുത്തിടെ ഉണ്ടായ വിലയിടിവ് സ്ഥിരത കൈവരിക്കുമോയെന്ന് വിലയിരുത്തുന്നതിനായി വിമാനക്കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ധനവില കുതിച്ചുയർന്നതിനെ തുടർന്ന് സാധാരണ ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സർചാർജും വിമാനക്കമ്പനികൾ ഈടാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ അനുകൂലമായി തുടർന്നാൽ ഈ അധിക ചാർജ് ഒഴിവാക്കാനുള്ള സാധ്യതയും കമ്പനികൾ പരിശോധിക്കുന്നുണ്ട്.
അതേസമയം, വിമാന ഇന്ധനവിലയിലെ അസ്ഥിരത മൂലമുള്ള പ്രതിസന്ധി ഒഴിവാക്കാൻ 10,000 കോടി രൂപയുടെ എടിഎഫ് (Aviation Turbine Fuel) വിലസ്ഥിരതാ ഫണ്ടിന് കേന്ദ്ര മന്ത്രിസഭ ഈ മാസം ആദ്യം അംഗീകാരം നൽകിയിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് സ്ഥിരനിരക്കിൽ എടിഎഫ് ലഭ്യമാക്കുന്നതിനായി കേന്ദ്രം പലിശരഹിത അഡ്വാൻസ് അനുവദിക്കുമെന്നുമാണ് പ്രഖ്യാപിച്ചിരുന്നത്.ക്രൂഡോയിൽ വില ഉയർന്നാലും ആഭ്യന്തര വിപണിയിൽ എടിഎഫ് വില നിയന്ത്രണവിധേയമാക്കുന്നതിനും എണ്ണക്കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അല്ലാത്തപക്ഷം, ഇന്ധനവില വർധനയുടെ മുഴുവൻ ഭാരവും വിമാനക്കമ്പനികളിലേക്കും, ഒടുവിൽ ഉയർന്ന ടിക്കറ്റ് നിരക്കായി യാത്രക്കാരിലേക്കും എത്തുമായിരുന്നു.
എന്നാൽ, ക്രൂഡോയിൽ വിലയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഇടിവിന്റെ പശ്ചാത്തലത്തിൽ, എടിഎഫ് വിലസ്ഥിരതാ ഫണ്ടിന്റെ ഭാവിയും പ്രസക്തിയും സംബന്ധിച്ച് പുതിയ ചർച്ചകൾ ഉയരുന്നുണ്ട്.
