മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ആദ്യദിനം തന്നെ ബോക്സ് ഓഫിസിൽ വമ്പൻ നേട്ടവുമായി മുന്നേറുന്നു. ആഗോളതലത്തിൽ ചിത്രം ആദ്യദിനം 43.37 കോടി രൂപ കളക്ഷൻ നേടിയതായി ട്രേഡ് ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ്ങുകളിൽ ഒന്നായി ‘ദൃശ്യം 3’ മാറി.
കേരളത്തിൽ നിന്ന് 10.7 കോടി
കേരളത്തിൽ മാത്രം 3,503 ഷോകളിൽ 67 ശതമാനം ഒക്യുപൻസിയോടെ ചിത്രം 10.70 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്താകെ 5,506 ഷോകളിൽ നിന്ന് 15.85 കോടി രൂപ നെറ്റ് കളക്ഷനും, ഏകദേശം 18.37–18.63 കോടി രൂപ ഗ്രോസ് കളക്ഷനും ചിത്രം സ്വന്തമാക്കി.
സംസ്ഥാന അടിസ്ഥാനത്തിലുള്ള കളക്ഷനിൽ:
കേരളം – 10.70 കോടി രൂപ
കർണാടക – 2.8 മുതൽ 2.9 കോടി രൂപ
ആന്ധ്രപ്രദേശ്–തെലങ്കാന – ഏകദേശം 2 കോടി രൂപ
തമിഴ്നാട് – 1.25 മുതൽ 1.30 കോടി രൂപ
മറ്റ് സംസ്ഥാനങ്ങൾ – 1.3 കോടിയിലധികം
എന്നിങ്ങനെയാണ് ചിത്രം നേടിയത്.
വിദേശ വിപണിയിലും വൻ വരവേൽപ്പ്
ഓവർസീസ് മാർക്കറ്റിലും ‘ദൃശ്യം 3’ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യദിനം മാത്രം 25 കോടി രൂപ വിദേശ വിപണികളിൽ നിന്ന് നേടിയതായാണ് റിപ്പോർട്ട്. ഇന്ത്യയിലെ കളക്ഷനേക്കാൾ ഉയർന്ന വരുമാനമാണ് വിദേശ റിലീസിലൂടെ ലഭിച്ചത്.
അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ്
ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഏകദേശം 35 കോടി രൂപ നേടിയിരുന്നു. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള റിലീസും ‘ജോർജുകുട്ടി’യുടെ തിരിച്ചുവരവിനായുള്ള പ്രേക്ഷക കാത്തിരിപ്പും ചിത്രത്തിന്റെ വമ്പൻ തുടക്കത്തിന് കാരണമായി.
‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ ഓപ്പണിങ്
2013-ൽ പുറത്തിറങ്ങിയ ആദ്യ ‘ദൃശ്യം’ വലിയ പ്രതീക്ഷകളില്ലാതെയാണ് തിയറ്ററുകളിലെത്തിയത്. പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ സൂപ്പർഹിറ്റായി മാറിയ ചിത്രം ഏകദേശം 62 കോടി രൂപയുടെ ലൈഫ് ടൈം കളക്ഷൻ നേടിയിരുന്നു. എന്നാൽ മൂന്നാം ഭാഗമായ ‘ദൃശ്യം 3’ റിലീസ് ദിനം തന്നെ 43 കോടിയിലേറെ നേടിയതോടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് എന്ന നേട്ടവും സ്വന്തമാക്കി.
അതേസമയം, റിലീസിന് ശേഷം അഞ്ചാം ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 150 കോടിയിലധികം കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
