കേരളത്തിലെ സഹകരണ മേഖലയിലൂടെ ആരംഭിക്കുന്ന ‘കോ-എയർ’ വിമാന സർവീസ് യാഥാർഥ്യമാകാനുള്ള നടപടികൾ വേഗത്തിലാകുന്നു. സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ഈ മാസം 31ന് പൂർത്തിയാക്കാനാണ് തീരുമാനം. എല്ലാ നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയായാൽ അടുത്ത വർഷം ഏപ്രിലോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തിൽ സഹകരണ മേഖലയിലൂടെ നിക്ഷേപം സമാഹരിച്ച് വിമാനങ്ങൾ ലീസിന് എടുത്ത് സർവീസ് നടത്താനാണ് പദ്ധതി. പിന്നീട് പ്രവർത്തനം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
പദ്ധതിക്ക് നേതൃത്വം നൽകുന്ന എംവിആർ കാൻസർ സെന്റർ ചെയർമാനും പ്രമുഖ സഹകാരിയുമായ സി.എൻ. വിജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി വി.ഡി. സതീശനെയും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനെയും നേരിൽ കണ്ടു പദ്ധതിയെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അനുകൂല നിലപാടിനെ തുടർന്നാണ് രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കുന്നത്.
രജിസ്ട്രേഷൻ പൂർത്തിയായാൽ സഹകരണ സംഘത്തിന്റെ കീഴിൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിക്കും. കമ്പനിയുടെ 55 ശതമാനം ഓഹരികൾ സഹകരണ സംഘത്തിനായിരിക്കും. ശേഷിക്കുന്ന 45 ശതമാനം ഓഹരികൾ പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കാനാണ് പദ്ധതി.ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങൾ ലീസിന് എടുത്ത് കേരളത്തിനകത്തും ബെംഗളൂരു, കോയമ്പത്തൂർ, മംഗളൂരു, ചെന്നൈ, മധുര എന്നിവിടങ്ങളിലേക്കും സർവീസ് നടത്താനാണ് ആലോചിക്കുന്നത്. ഇതോടൊപ്പം വ്യോമയാന രംഗത്തെ പരിശീലനത്തിനായി ഒരു ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതും പദ്ധതിയുടെ ഭാഗമായാണ് പരിഗണിക്കുന്നത്.സഹകരണ മേഖലയിലൂടെ രാജ്യത്ത് ആദ്യമായി ഒരു വിമാനക്കമ്പനി രൂപീകരിക്കാനുള്ള ഈ സംരംഭം കേരളത്തിന്റെ വ്യോമഗതാഗത മേഖലയ്ക്ക് പുതിയ അധ്യായമാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

