യുഎസുമായുള്ള വ്യാപാര ചർച്ചകൾ വൈകുന്നതിന് പിന്നിൽ തീരുവയിനത്തിൽ മത്സരരാജ്യങ്ങളെക്കാൾ മേൽക്കൈ നേടണമെന്ന ഇന്ത്യയുടെ കടുത്ത നിലപാടാണെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് കൂടുതൽ അനുകൂലമായ തീരുവ ഇളവുകൾ ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇത്തരമൊരു നേട്ടം ഉറപ്പാക്കാതെ യുഎസുമായുള്ള വ്യാപാര കരാർ അന്തിമമാക്കാൻ കഴിയില്ലെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി.
യുഎസ് വിപണിയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യയ്ക്ക് ബംഗ്ലാദേശ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കടുത്ത മത്സരമാണ് നേരിടേണ്ടിവരുന്നത്. ഈ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീരുവ ലഭിക്കാത്ത പക്ഷം ഇന്ത്യയ്ക്ക് പ്രത്യേക വ്യാപാര നേട്ടമുണ്ടാകില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ അടുത്തിടെ പൂർത്തിയായെങ്കിലും ഇടക്കാല കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. യുഎസ് വ്യാപാര പ്രതിനിധി ജെമിസൺ ഗ്രീറും കേന്ദ്ര മന്ത്രി പീയൂഷ് ഗോയലും തമ്മിൽ രണ്ടു ദിവസം നീണ്ടുനിന്ന ചർച്ചകൾ നടത്തിയെങ്കിലും, ബാക്കിയുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചോയെന്ന കാര്യത്തിൽ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചർച്ചകൾ തുടരുമെന്ന സൂചനയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഉൾപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ വർഷം ഇന്ത്യയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾക്കെതിരെ യുഎസ് ഏർപ്പെടുത്തിയ പകരംതീരുവ ഗണ്യമായി കുറയ്ക്കുമെന്ന വാഗ്ദാനം ചർച്ചകളുടെ ആദ്യഘട്ടത്തിൽ വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാൽ, പിന്നീട് യുഎസ് സുപ്രീം കോടതി പകരംതീരുവ പൂർണമായും റദ്ദാക്കിയതോടെ ആ വാഗ്ദാനത്തിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്.
