എൽപിജി വില വീണ്ടും ഉയർന്നു; വാണിജ്യ സിലിണ്ടറിന് 42 രൂപ വർധന

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയ്ക്ക് 42 രൂപ കൂട്ടിയതായി എണ്ണക്കമ്പനികൾ അറിയിച്ചു. പുതുക്കിയ നിരക്കുപ്രകാരം ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന് 3,113 രൂപയും കൊച്ചിയിൽ 3,131 രൂപയും നൽകേണ്ടിവരും.

ഈ വർഷത്തിന്റെ തുടക്കത്തിൽ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,698 രൂപയായിരുന്നു. ഏതാനും മാസങ്ങൾക്കിടെ മാത്രം 1,433 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, പ്രത്യേകിച്ച് ഇറാൻ–അമേരിക്ക സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ആഗോള ഇന്ധനവിപണിയിൽ സമ്മർദം സൃഷ്ടിച്ചതാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.അഞ്ച് കിലോഗ്രാം തൂക്കമുള്ള ഫ്രീ ട്രേഡ് എൽപിജി (FTL) സിലിണ്ടറുകളുടെ വിലയും ഉയർന്നു. സിലിണ്ടറിന് 11 രൂപ വർധിപ്പിച്ചതോടെ ഡൽഹിയിലെ പുതിയ വില 821.50 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല.

കഴിഞ്ഞ ഏതാനും മാസങ്ങളായി വാണിജ്യ സിലിണ്ടർ വിലയിൽ തുടർച്ചയായ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നിന് 195.50 രൂപയും, ഫെബ്രുവരിയിൽ 49 രൂപയും, ജനുവരി ഒന്നിന് 111 രൂപയും വർധിപ്പിച്ചിരുന്നു. മാർച്ചിൽ മാത്രം രണ്ട് തവണയായി 31 രൂപയും 115 രൂപയും കൂട്ടിയിരുന്നു. കഴിഞ്ഞ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വലിയ വർധനയും രേഖപ്പെടുത്തിയിരുന്നു.വിലക്കയറ്റം ഹോട്ടൽ, റസ്റ്റോറന്റ്, കാറ്ററിങ് സ്ഥാപനങ്ങൾ, തട്ടുകടകൾ തുടങ്ങിയവയെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പ്രവർത്തനച്ചെലവ് ഉയരുന്നതോടെ ഭക്ഷ്യവിഭവങ്ങളുടെ വില വർധിപ്പിക്കാൻ വ്യാപാരികൾ നിർബന്ധിതരാകാനിടയുണ്ടെന്നാണ് മേഖലയിലെ വിലയിരുത്തൽ. ഇതിന്റെ പ്രത്യാഘാതം സാധാരണ ഉപഭോക്താക്കളെയും ബാധിക്കുമെന്നാണ് സൂചന.