സ്വകാര്യവൽക്കരണ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നേറുന്നതിനിടെ, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമ്‌ൽ) വലിയ നേട്ടം സ്വന്തമാക്കി. ഇന്ത്യൻ റെയിൽവേയുടെ 1888 കോടി രൂപയുടെ കരാർ ബെമ്‌ലിന് ലഭിച്ചു, അത്യാധുനിക ലിങ്ക്-ഹോഫ്മാൻ-ബുഷ് (എൽഎച്ച്ബി) പാസഞ്ചർ ട്രെയിൻ കോച്ചുകൾ നിർമ്മിക്കുന്നതിനായി. നിർമാണം 15 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പദ്ധതി. കോച്ചുകളുടെ ഭൂരിഭാഗവും പാലക്കാട് കഞ്ചിക്കോട് പ്ലാന്റിലായിരിക്കും നിർമ്മിക്കുക.
പഴയ ജനറൽ, സ്ലീപ്പർ കോച്ചുകൾക്ക് പകരം 45,000 എൽഎച്ച്ബി കോച്ചുകൾ നിർമ്മിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതിനുമുമ്പ് റെയിൽവേക്കായി 10 എൽഎച്ച്ബി കോച്ചുകൾ ബെമ്ൽ നിർമ്മിച്ച് കൈമാറിയിരുന്നു. ഇതിന്റെ വിജയമാണ് കൂടുതൽ ഓർഡറുകൾ ബെമ്‌ലിന് ലഭിക്കാൻ വഴി തെളിച്ചത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയ്ക്ക് (ഐസിഎഫ്) ബെമ്‌ലിൽ നിർമ്മിക്കുന്ന പുതിയ എൽഎച്ച്ബി കോച്ചുകൾ കൈമാറും. ‘മെയ്ക്ക് ഇൻ ഇന്ത്യ – മെയ്ക്ക് ഫോർ ദ വേൾഡ്’ പദ്ധതിയുടെ ഭാഗമായാണ് ഈ കരാർ. ഓരോ കോച്ചിനും 1.6 കോടി മുതൽ 2 കോടി രൂപ വരെയാണ് വില. യാത്ര കൂടുതൽ സുരക്ഷിതവും സുഖപ്രദവുമായിരിക്കാനായി നവീന സാങ്കേതിക വിദ്യയിൽ രൂപകൽപ്പന ചെയ്തതാണ് എൽഎച്ച്ബി കോച്ചുകൾ.

