ഇന്ത്യ–ഒമാൻ സ്വതന്ത്ര വ്യാപാര കരാർ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. ഒമാൻ യുഎസുമായി ഒപ്പിട്ട സമാന കരാർ നടപ്പാക്കാൻ മൂന്ന് വർഷം എടുത്തിരുന്നു. എന്നാൽ ഇന്ത്യയുമായുള്ള കരാർ റെക്കോർഡ് വേഗത്തിൽ നടപ്പാക്കാനാണ് ശ്രമമെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ കരാർ വഴി ഒമാനിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ഇന്ത്യക്കാരെ ജോലി ചെയ്യാൻ നിയോഗിക്കാനുള്ള അവസരം ലഭിക്കും. ഇതുവരെ ഒരു ഇന്ത്യൻ കമ്പനിയുടെ ഒമാൻ ശാഖയിലേക്ക് (ഇൻട്ര-കോർപറേറ്റ് ട്രാൻസ്ഫറീസ് – ഐസിടി) മാറ്റാൻ കഴിയുന്ന ജീവനക്കാരുടെ പരിധി 20 ശതമാനമായിരുന്നു. ഇത് 50 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഇതോടെ കൂടുതൽ ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ തുറക്കുമെന്നും, ഇന്ത്യ നടത്തുന്ന നിക്ഷേപത്തിന്റെ നേട്ടം ഇന്ത്യക്കാര്ക്കുതന്നെ ലഭിക്കുമെന്നും ഗോയൽ പറഞ്ഞു.ഇത്തരമൊരു ഇളവ് ഒമാൻ ആദ്യമായാണ് ഏതെങ്കിലും രാജ്യത്തിന് നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭാവിയിൽ ഒമാൻ നിയമം മാറ്റിയാലും, കരാറിന്റെ സംരക്ഷണത്തിൽ ഇന്ത്യയ്ക്ക് ഈ ഇളവ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഒമാൻ 5 ശതമാനം മുതൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുന്ന ജ്വല്ലറി, തുണിത്തരങ്ങൾ, ലെതർ, ഫുട്വെയർ, സ്പോർട്സ് ഗുഡ്സ്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഫർണിച്ചർ, കാർഷിക ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടമൊബീൽ ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്ക് പുതിയ കരാറിലൂടെ തീരുവ പൂർണമായും ഒഴിവാക്കും.അതേസമയം, ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ 94.81 ശതമാനത്തിനും തീരുവ ഇളവ് നൽകാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. കരാർ ഒപ്പുവച്ചതിന് പിന്നാലെ ഒമാനിലെ കമ്പനികൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിന് താൽപര്യം പ്രകടിപ്പിച്ചതായും ഗോയൽ അറിയിച്ചു. അമുൽ കമ്പനിയുമായി സഹകരിക്കാൻ ഒമാനിലെ ഒരു ഡെയറി കമ്പനി താൽപര്യം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
