ഇന്ത്യയിൽ ആപ്പിളിന്റെ അടുത്ത റീട്ടെയിൽ സ്റ്റോർ തുറക്കുന്നു. നോയിഡയിലെ ഡിഎൽഎഫ് മാളിൽ ഡിസംബർ 11-ന് സ്റ്റോർ ഉദ്ഘാടനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിയ്ക്കാണ് നോയിഡ ആപ്പിൾ സ്റ്റോർ തുറക്കുക. ഇതോടെ ഡെൽഹി നാഷണൽ ക്യാപിറ്റൽ റീജിയണിൽ (NCR) ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണം രണ്ടാകും. ന്യൂഡെല്ലിയിലെ സാകേതിൽ നിലവിൽ ഒരു ആപ്പിൾ സ്റ്റോർ പ്രവർത്തിക്കുന്നു.
ഇന്ത്യയിൽ ആപ്പിൾ റീട്ടെയിൽ ശൃംഖല വിപുലീകരിക്കുന്നു
രാജ്യത്ത് ആപ്പിൾ റീട്ടെയിൽ സാന്നിധ്യം ശക്തീകരിക്കുന്നതിലെ പുതിയ നാഴികക്കല്ലാണ് നോയിഡ സ്റ്റോർ. നോയിഡയിലെ ഉപഭോക്താക്കൾക്ക് ആപ്പിൾ ഉൽപ്പന്നങ്ങൾ നേരിട്ട് പരിചയപ്പെടാനും ആപ്പിളിന്റെ പ്രത്യേക ഷോപ്പിംഗ് അനുഭവം ആസ്വദിക്കാനുമുള്ള അവസരമാണിതെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.സെപ്റ്റംബറിൽ ബെംഗളൂരുവിലെ ഹെബ്ബാൾ, പൂനെയിലെ കൊരേഗാവ് പാർക്ക് എന്നിവിടങ്ങളിൽ ആപ്പിൾ പുതിയ സ്റ്റോറുകൾ ആരംഭിച്ചിരുന്നു. ഈ സ്റ്റോറുകളെപ്പോലെ തന്നെ, മയിൽപ്പീലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനിലാണ് നോയിഡ സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നോയിഡ സ്റ്റോർ ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി, നഗരവുമായി ബന്ധപ്പെട്ട ശബ്ദങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക ആപ്പിൾ മ്യൂസിക് പ്ലേലിസ്റ്റും എക്സ്ക്ലൂസീവ് നോയിഡ വാൾപേപ്പറുകളും കമ്പനി അവതരിപ്പിച്ചു. പുതിയ സ്റ്റോറിൽ ഏറ്റവും പുതിയ iPhone 17 ലൈനപ്പ്, M5 ചിപ്പുള്ള iPad Pro, MacBook Pro 14 തുടങ്ങിയ ഗാഡ്ജറ്റുകൾ ലഭ്യമാകും.

