അദാനി അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കാനുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതിനെതിരെ സമർപ്പിച്ച ഹർജി കീഴ്ക്കോടതി തള്ളിയ പശ്ചാത്തലത്തിൽ വൈകാതെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ടർക്കിഷ് ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ സെലിബി. ഓപ്പറേഷൻ സിന്ദൂറിലടക്കം പാക്കിസ്ഥാനെ അനുകൂലിച്ച തുർക്കിക്കെതിരായ കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ചാണ് സെലിബിയുമായുള്ള സഹകരണം അദാനി ഗ്രൂപ്പ് അവസാനിപ്പിച്ചത്.
ഓപ്പറേഷൻ സിന്ദൂറിനെ പരസ്യമായി അപലപിച്ച തുർക്കി, പാക്കിസ്ഥാന് പിന്തുണയും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ടർക്കിഷ് കമ്പനികൾക്കെതിരെ കേന്ദ്രം നടപടിയെടുത്തത്. ഇതിന്റെ ചുവടുപിടിച്ച് സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സേഫ്റ്റി അടിയന്തരമായി പിൻവലിക്കുകയായിരുന്നു. തുടർന്നാണ് സെലിബിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി അദാനി ഗ്രൂപ്പും പ്രഖ്യാപിച്ചത്.
