അദാനി ഗ്രൂപ്പിന്റെ ഏറ്റെടുക്കലുകൾ പരിശോധിക്കും; സെബി

അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സൂക്ഷ്മപരിശോധന നടത്തുന്നതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. കൂടാതെ ഗ്രൂപ്പിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക അന്വേഷണം വിപുലമാക്കുന്നതിനായി ഹിൻഡൻബർഗ് റിസർച്ച് നൽകിയ റിപ്പോർട്ട് പഠിക്കുമെന്ന് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ അറിയിച്ചു. 

യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വില ഉയർത്തി കാണിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായി കാണിക്കുന്നു. ഇതോടെ വൻ ഇടിവാണ് അദാനി ഓഹരികളിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്ഥാപനത്തിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. 

ഇന്ത്യയിലെ അംബുജ സിമന്റ്‌സ് ലിമിറ്റഡിലെയും എസിസി ലിമിറ്റഡിലെയും സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഹോൾസിം ലിമിറ്റഡിന്റെ ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന സാഹചര്യത്തിൽ, ഇടപാടിനായി ഉപയോഗിച്ച ഓഫ്‌ഷോർ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) റെഗുലേറ്റർ പരിശോധിച്ചതായാണ് റിപ്പോർട്ട്. ജൂലൈയിൽ, അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വലിയ നിക്ഷേപമുള്ള മൗറീഷ്യസിൽ നിന്നുള്ള അധികം അറിയപ്പെടാത്ത ഓഫ്‌ഷോർ ഫണ്ടുകളെ കുറിച്ച് റെഗുലേറ്റർ അന്വേഷണം ആരംഭിച്ചിരുന്നു.

2022 മെയ് മാസത്തിലെ ഏറ്റെടുക്കൽ പ്രഖ്യാപനത്തിന്റെ ഭാഗമായി 17 വിദേശ ഓഫ്‌ഷോർ സ്ഥാപനങ്ങളെ റെഗുലേറ്റർ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം റെഗുലേറ്ററി ക്ലിയറൻസിനായി സമീപിച്ചപ്പോൾ റെഗുലേറ്റർ ഈ സ്ഥാപനങ്ങളെ കുറിച്ച് വ്യക്തത തേടിയിരുന്നു. ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ 2.45 ബില്യൺ ഡോളറിന്റെ സെക്കൻഡറി ഓഹരി വിൽപ്പനയ്‌ക്കിടയിലാണ് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗിന്റെ റിപ്പോർട്ട്. ഇതോടെ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ഇഷ്യുവിന്റെ ഭാഗമായി ഓഹരികൾ വാഗ്ദാനം ചെയ്യുന്ന വിലയേക്കാൾ താഴെയായി.