പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ഏകദേശം 20 ശതമാനം വരെ വർധിച്ച വില ബാരലിന് 110 ഡോളർ കടന്നതോടെ ആഗോള വിപണികളിലും ആശങ്ക വർധിച്ചു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും ശക്തമായി പ്രകടമായി. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ സെൻസെക്സ് 2,000 പോയിന്റിലേറെ ഇടിഞ്ഞ് വലിയ നഷ്ടം രേഖപ്പെടുത്തി. തുടക്കത്തിൽ തന്നെ നിക്ഷേപകരുടെ ശതകോടികൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമായി.
ഇറാനിൽ ആയത്തുള്ള ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്തബ ഖമനയിയെ തീരുമാനിച്ചെന്ന റിപ്പോർട്ടുകളും വിപണിയിൽ ആശങ്ക വർധിപ്പിച്ചു. പിതാവിനെക്കാൾ കടുത്ത നിലപാടുള്ള നേതാവായിരിക്കാമെന്ന വിലയിരുത്തലുകൾ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ഭീതിക്ക് ഇടയാക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകാം.
110 ഡോളർ കടന്ന് ക്രൂഡ് ഓയിൽ
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരിക്കുകയാണ്.
WTI: ഏകദേശം 110 ഡോളർ
ബ്രെൻറ്: 111 ഡോളർ
മർബൻ: 112 ഡോളർ
ഇന്ധനവില ഉയർന്നതോടെ പാചക വാതകത്തിന്റെ രാജ്യാന്തര വിലയും ഏകദേശം 10 ശതമാനം വരെ വർധിച്ചിട്ടുണ്ട്. 2008ലും 2022ലുമുണ്ടായ വിലക്കയറ്റത്തേക്കാൾ ഗുരുതരമായ സാഹചര്യം ഉണ്ടാകാമെന്ന ആശങ്കയും ഉയരുന്നു.
വില വർധനയുടെ പിന്നിലെ കാരണങ്ങൾ
ക്രൂഡ് ഓയിൽ ലഭ്യതക്കുറവല്ല, മറിച്ച് വിപണിയിലെ ഭയവും അനിശ്ചിതത്വവുമാണ് വില വർധനയ്ക്ക് പ്രധാന കാരണം എന്ന് യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധഭീഷണി തുടരുന്നതാണ് വ്യാപാരികളെ ആശങ്കയിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൂഡ് വില ഉയരാൻ കാരണമായ ഘടകങ്ങൾ
ലോക എണ്ണവ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്
പശ്ചിമേഷ്യയിലെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനം
എണ്ണ ഉൽപാദന കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങൾ
നിലവിലെ സാഹചര്യം
ഇപ്പോൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വലിയ ക്ഷാമമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പശ്ചിമേഷ്യയിൽ നിന്ന് എണ്ണ വിതരണം തടസ്സപ്പെട്ടു. യുദ്ധം ദീർഘകാലം നീണ്ടാൽ ആഗോള എണ്ണവിപണിയിൽ ക്ഷാമ സാധ്യത ഉയരും. ഉൽപാദനം നിർത്തിയ പ്ലാന്റുകൾ വീണ്ടും പ്രവർത്തനം തുടങ്ങാൻ പോലും 15 മുതൽ 30 ദിവസം വരെ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.
വിപണിയിൽ അനിശ്ചിതത്വം തുടരും
കഴിഞ്ഞ വാരം ഏഷ്യൻ വിപണികൾ വലിയ ഇടിവ് നേരിട്ടിരുന്നു. ഇറാൻ സംഘർഷം, ക്രൂഡ് ഓയിൽ വില, സ്വർണവില, വിദേശ നിക്ഷേപ പ്രവാഹം, പണപ്പെരുപ്പ കണക്കുകൾ എന്നിവയാകും ഈ ആഴ്ച വിപണിയെ സ്വാധീനിക്കുക. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 1.37% ഇടിഞ്ഞ് 78,918.90ലും നിഫ്റ്റി 1.27% ഇടിഞ്ഞ് 24,450.45ലുമാണ് ക്ലോസ് ചെയ്തത്.

