എയര്‍കണ്ടീഷനിംഗ് മേഖലയിലെ ഹോട്ട് വിജയഗാഥയുമായി ‘കൂള്‍ ലേഡി’

വ്യാവസായിക എയര്‍കണ്ടീഷനിംഗ് രംഗത്ത് കഴിഞ്ഞ 23 വര്‍ഷമായി മുന്‍നിരയില്‍ നില്‍ക്കുകയാണ് ട്രാന്‍സെന്‍ഡ് എയര്‍ സിസ്റ്റംസ്സ്. എയര്‍ കണ്ടീഷനിംഗ് ചെയ്യാന്‍ ഒരു ബില്‍ഡിംഗ് ഉടമ തീരുമാനിക്കുമ്പോള്‍ മുതല്‍ അതിന്റെ സര്‍വീസ് വരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി സമഗ്ര സേവനമാണ് ട്രാന്‍സെന്‍ഡ് ടീം സമ്മാനിക്കുന്നത്. ട്രാന്‍സെന്‍ഡിന്റെ ഈ വിജയക്കുതിപ്പിന് പിന്നില്‍ സദാ പുഞ്ചിരിക്കുന്നൊരു മുഖമുണ്ട്, ഷീബ രഞ്ജിത്ത്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള പല വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്‍ഡസ്ട്രി ബേസ്ഡ് എയര്‍ കണ്ടീഷനിംഗ് നല്‍കി മുന്നോട്ടെത്തിയിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഷീബ രഞ്ജിത്തിന് ഈ മേഖലയില്‍ ഒരു പേരുണ്ട്, ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’. കാരണം മറ്റൊന്നുമല്ല, വര്‍ഷങ്ങള്‍ക്കു മുമ്പ് വെന്റിലേഷന്‍, എയര്‍ കണ്ടീഷന്‍, ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രോജക്റ്റ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്ത പ്രവര്‍ത്തിപരിചയവുമായി കൊച്ചിക്ക് വണ്ടി കയറിയ ഷീബ ഇന്ന് കേരളത്തില്‍ ഈ മേഖലയിലെ ഒരേ ഒരു വനിതാസംരംഭകയാണ്.

ട്രാന്‍സെന്‍ഡിന്റെ പിറവി

2001 സെപ്റ്റംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്റര്‍ അറ്റാക്ക് നടക്കുമ്പോള്‍ എയര്‍കണ്ടീഷനിംഗ് മേഖലയില്‍ കേരളത്തില്‍ ഒരു ജീവനക്കാരിയായി ജോലി ചെയ്യുകയാണ് ഷീബ. ആ വാര്‍ത്ത എല്ലാവരെയും പോലെ ഷീബയും കണ്ടു. പിന്നീട് എല്ലാ സെപ്റ്റംബര്‍ 11 ഉം വേള്‍ഡ് ട്രേഡ് സെന്റര്‍ ദിനമായി ലോകം ഓര്‍ത്തു. എന്നാല്‍ ലോകത്തെ ഞെട്ടിച്ച ആ സംഭത്തിന്റെ ഒരു വര്‍ഷത്തില്‍ തന്റെ സ്വന്തം ബ്രാന്‍ഡുമായി രംഗത്തെത്തിയാണ് ചുറ്റുമുള്ളവരെ ഷീബ ഞെട്ടിച്ചത്, ട്രാന്‍സെന്‍ഡ് എയര്‍ സിസ്റ്റംസ് അങ്ങനെ 2002 സെപ്റ്റംബര്‍ 11 ന് തുടക്കം കുറിച്ചു. അങ്ങനെ ട്രാന്‍സെന്‍ഡ് തുടങ്ങിയതിന്റെ വാര്‍ഷികമാണ് ഇപ്പോള്‍ ഈ സംരംഭകയ്ക്കും ടീമിനും സെപ്റ്റംബര്‍ 11. ട്രാന്‍സെന്‍ഡ് തുടങ്ങാന്‍ അന്ന് ഇറങ്ങിത്തിരിച്ചപ്പോള്‍ സ്വന്തം കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ചോദ്യങ്ങളുമായി എത്തി. സംരംഭം വിജയിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?അത്തരമൊരു മേഖലയിലെ സംരംഭത്തിന്റെ മേല്‍നോട്ടം ഒരു വനിതയായ ഷീബയ്ക്ക് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റുമോ? എന്നിങ്ങനെ. എന്നാല്‍ ഈ മേഖലയിലെ തന്റെ പരിചയവും ആത്മവിശ്വാസവും കൈമുതലാക്കി കയ്യിലുണ്ടായിരുന്ന ആഭരണങ്ങളും വിറ്റ് കിട്ടിയ കുറച്ച് പണവുമായി ട്രാന്‍സെന്‍ഡിന് തുടക്കമിട്ടു.

വെല്ലുവിളികളെ പുഞ്ചിരികളാക്കി

ഒരു വനിത എന്ന നിലയില്‍ ഈ മേഖലയില്‍ ഉപയോക്താക്കളെ നേടിയെടുക്കുക എന്നത് വളരെ വലിയൊരു കടമ്പയായിരുന്നു ഷീബയ്ക്ക്. ചര്‍ച്ചകളിലും പരിപാടികളിലും ട്രെയിനിംഗുകളിലും എല്ലാം ഒരേ ഒരു വനിതയായിരുന്നു പലപ്പോഴും താനെന്ന് ഷീബ ഓര്‍ക്കുന്നു. ”പ്രോജക്റ്റുകള്‍ അവതരിപ്പിക്കുന്ന ഉപയോക്താക്കള്‍ക്ക് സംശയം ഉണ്ടായിരുന്നത് തങ്ങളുടെ പ്രോജക്റ്റ് ഇവര്‍ എങ്ങനെ ഏറ്റെടുത്ത് ചെയ്യും, ഇവര്‍ക്ക് വളരെ masculine ആയ മേഖലയില്‍ ജീവനക്കാരെ തന്റെ ടീമാക്കി നിര്‍ത്തി മുന്നോട്ട് കൊണ്ട്‌പോകാന്‍ കഴിയുമോ, പറയുന്ന സമയത്ത് പ്രോജക്റ്റ് തീര്‍ക്കാന്‍ കഴിയുമോ എന്നൊക്കെയായിരുന്നു. എന്നാല്‍ വളരെ കുറഞ്ഞ കാലഘട്ടം കൊണ്ട് തന്നെ അത്തരം സംശയങ്ങളില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞു. ഗുണമേന്മയുള്ള ബ്രാന്‍ഡുകളും മികച്ച സേവനവും കൊണ്ട് മാത്രമാണ് മുന്നേറാനായത്. കൈമുതലായത് ഈ മേഖലയിലെ അറിവും.” ഷീബ പറയുന്നു. വെല്ലുവിളികളായിരുന്നത് സംശയങ്ങളായിരുന്നുവെങ്കിലും ആ സംശയങ്ങള്‍ക്കെല്ലാം ട്രാന്‍സെന്‍ഡിന്റെ കൂള്‍ സേവനങ്ങള്‍ മറുപടി നല്‍കി. മേഖലയിലെ അറിവിനോടൊപ്പം പുതിയ ബ്രാന്‍ഡുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ത്രില്ലും ഷീബയ്ക്ക് കൂട്ടായി ഉണ്ടായിരുന്നു.

മികച്ച ബ്രാന്‍ഡുകളെ കൂടെ കൂട്ടി

ഫുജിത്സു ജനറല്‍, ഡെയ്കിന്‍, മിത്സ്ബുഷി ഹെവി ഇന്‍ഡസ്ട്രീസ്, തോഷിബ, പാനസോണിക്, ക്യാരിയര്‍ എന്നീ ദേശീയ അന്തര്‍ദേശീയ, പ്രീമിയം ബ്രാന്‍ഡുകളുടെ അംഗീകൃത വില്‍പ്പനയും സര്‍വീസും നല്‍കുന്ന സ്ഥാപനമാണ് ട്രാന്‍സെന്‍ഡ് ഇന്ന്. ”പല അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെയും ഏറ്റവും വലിയ ഡീലര്‍മാരില്‍ ഒരാളാണ് ഞങ്ങള്‍. ഈ യാത്ര ഇത്രത്തോളമെത്തുമെന്ന് കരുതിയില്ല. രണ്ട് പതിറ്റാണ്ടിലേറെയായി സ്ഥിരമായി പല ഉപയോക്താക്കളെയും നേടാന്‍ നമുക്ക് കഴിഞ്ഞു എന്നത് എന്റെയും എന്റെ ടീമിന്റെയും ആത്മാര്‍ത്ഥതയിലൂടെയും കസ്റ്റമര്‍ സര്‍വീസിലൂടെയുമാണ് എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.” ഷീബ വ്യക്തമാക്കി. ഏത് മേഖലയായാലും കാലത്തിനൊപ്പം മാറാനും നമ്മുടെ സേവനങ്ങള്‍ക്ക് കഴിയണമെന്നാണ് ഈ സംരംഭകയുടെ അഭിപ്രായം. മികച്ച ഇന്റീരിയറുകളുമായി ചേര്‍ന്നു നിര്‍ക്കുന്ന രീതിയിലാണ് ഹൈ വോള്‍ ഇന്‍വെര്‍ട്ടറുകള്‍, കാസെറ്റ് ഇന്‍വെര്‍ട്ടര്‍ സീരീസ്, കണ്‍സീല്‍ഡ്, നോണ്‍ ഇന്‍വെര്‍ട്ടറുകള്‍ തുടങ്ങി എല്ലാ ഉല്‍പ്പന്നങ്ങളും കമ്പനികള്‍ക്ക് നല്‍കുന്നത്. ഇന്‍സ്റ്റലേഷനും ആഫ്റ്റര്‍ സെയ്ല്‍സ് സര്‍വീസിനും പരിചയ സമ്പന്നരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ മുന്‍നിരയിലുണ്ടെന്നത് കമ്പനിയുടെ ശക്തിയാണെന്നും ഷീബ പറയുന്നു.

സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, മനോരമ, മംഗളം കോളജ് ഓഫ് എന്‍ജിനീയറിംഗ്, ഓപ്പോ, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, രാജഗിരി, ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റല്‍, ഇടശ്ശേരി ഗ്രൂപ്പ്, റിനൈ ഹോട്ടല്‍സ്, കൊശമറ്റം തുടങ്ങി ട്രാന്‍സെന്‍ഡിന്റെ ക്രയന്റുകളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ നീളുന്നു. ഭൂമിയെ കരുതലോടെ കാക്കാന്‍ കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ, ഗുണനിലവാരത്തില്‍ മുന്നിലുള്ള ഉല്‍പ്പന്നങ്ങളിലാണ് ട്രാന്‍സെന്‍ഡ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

വിജയമന്ത്രങ്ങള്‍

കേരളത്തിന് പുറത്തേക്ക് പോകുന്ന സംരംഭകരോട് ഷീബ പറയുന്നത് ഇങ്ങനെയാണ്”കേരളത്തില്‍ എല്ലാം ഉണ്ട്, ഇവിടെ ആത്മാര്‍ത്ഥമായി ജോലി ചെയ്യാനും സംരംഭത്തെ സ്‌നേഹിച്ച് അപ്‌ഗ്രേഡ് ചെയ്ത് മുന്നോട്ട് പോകാനും ശ്രമിച്ചാല്‍ മതി. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളെ അടിച്ചേല്‍പ്പിക്കുന്നതിനു പകരം ഉപഭോക്താക്കള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ശ്രദ്ധിക്കണം. സേവനമേഖലയില്‍ അതാണ് ശ്രദ്ധിക്കേണ്ടത്.” അഞ്ച് പേരുമായി തുടങ്ങിയ ട്രാന്‍സെന്‍ഡിന് 85 ഓളം ജീവനക്കാരും അഞ്ച് ഷോറൂമുകളുമായി മുന്നേറുന്നതിന്റെ രഹസ്യം ഷീബ രഞ്ജിത്ത് പറയുന്നു. ടൈം ഫ്രെയിമില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തണമെന്നതാണ് ഏതൊരു ഉപഭോക്താവിന്റെയും ആവശ്യം. അതില്‍ ശ്രദ്ധ പതിപ്പിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഷീബ വ്യക്തമാക്കി.

വനിതകള്‍ അധികമാരും കടന്നു വരാത്ത മേഖലയായത്‌കൊണ്ട് തന്നെ ഈ മേഖലയിലെ സംരംഭം എന്നത് വെല്ലുവിളിയോടൊപ്പം തന്നെ പ്രചോദനമായിരുന്നുവെന്ന് ഷീബ പറയുന്നു. ”എന്റെ മനസ്സിലെ സംരംഭകസ്വപ്‌നത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുമ്പോള്‍ ഒരുപാട് പണം സമ്പാദിക്കണമെന്നതായിരുന്നില്ല മനസ്സില്‍. അത് വലിയൊരു പ്രസ്ഥാനത്തെ നയിക്കുമ്പോള്‍ ഇപ്പോഴുമില്ല. ”ഫലം ആഗ്രഹിക്കാതെ കര്‍മം ചെയ്യുക” എന്ന് പറയുന്നത് പോലെ ബിസിനസിലെ എല്ലാ കാര്യങ്ങളും പരമാവധി ആത്മാര്‍ത്ഥതയോടെയും പൂര്‍ണ ഉത്തരവാദിത്തത്തോടൊപ്പവും ചെയ്യുന്നത്. അത്തരത്തില്‍ ചെയ്താല്‍ വിജയം താനേ വരും”. ഈ പോളിസി തന്നെയാണ് നമ്മള്‍ ജീവിതത്തിലും പുലര്‍ത്തേണ്ടതെന്നും ഷീബ അഭിപ്രായപ്പെട്ടു.

പുതുതായി വീട് വയ്ക്കുമ്പോള്‍ വൈദ്യുതി ലാഭിക്കാം

വ്യാവസായിക മേഖലയിലാണ് ശ്രദ്ധ പതിപ്പിച്ചിട്ടുള്ളതെങ്കിലും വലിയ ഗാര്‍ഹിക പ്രോജക്ടുകളും ട്രാന്‍സെന്‍ഡ് എയര്‍ സിസ്റ്റംസ് ഭാഗമാകാറുണ്ട്. കേരളത്തിലെ വമ്പന്‍ വീടുകള്‍ പലതിലും ആര്‍ക്കിടെക്റ്റ് ട്രെന്‍ഡുകള്‍ക്കൊപ്പം എയര്‍ കണ്ടീഷനിംഗും ശ്രദ്ധനേടുന്നു. വൈദ്യുതി ഉപഭോഗം കുറച്ചുകൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍ രീതികളാണ് ഇതിലെ ഹൈലൈറ്റ്. പുതുതായി വീട് വയ്ക്കുന്നവര്‍ക്ക് എയര്‍ കണ്ടീഷനിംഗിലൂടെയുള്ള കറന്റ് ബില്‍ കുറയ്ക്കാന്‍ ഷീബ നല്‍കുന്ന ടിപ്‌സ് ഇവയാണ്:

. എയര്‍ കണ്ടീഷനിംഗിനെക്കുറിച്ചുള്ള പ്രാഥമിക അറിവുകള്‍ ടെക്‌നിക്കലി മനസ്സിലാക്കിയാല്‍ തന്നെ പുതിയ വീടുവയ്ക്കുമ്പോള്‍ കറന്റ് ലാഭിക്കാം.
. മികച്ച സ്റ്റാര്‍ റേറ്റിംഗ് ഉള്ള എസി നോക്കി വാങ്ങുക തുടക്കത്തില്‍
. ‘ഉത്തരവാദിത്തമുള്ള ഉപഭോക്താവാകുക’. പ്രകൃതിയിലേക്ക് കൂടുതല്‍ കാര്‍ബണ്‍ എമിഷനെത്തുന്ന ബ്രാന്‍ഡുകളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
. തുടക്കത്തിലെ ഇന്‍വെസ്റ്റ്‌മെന്റ് കണക്കാക്കാതെ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന, വൈദ്യുത ഉപഭോഗം കുറഞ്ഞ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം.
. BEE Rating നോക്കി എസി വാങ്ങുക, BEE റേറ്റിംഗുകള്‍ (ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി റേറ്റിംഗുകള്‍) നിങ്ങളുടെ ഉപകരണം ഒരു വര്‍ഷത്തില്‍ എത്ര വൈദ്യുതി ഉപയോഗിക്കുന്നു എന്ന് കാണിക്കുന്ന റേറ്റിംഗുകളെയാണ് സൂചിപ്പിക്കുന്നത്.