റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി നിർത്തണമെന്ന യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തിനെതിരെ റഷ്യ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. യുഎസ് ഇപ്പോഴും റഷ്യയിൽ നിന്ന് യൂറേനിയം അടക്കമുള്ള ന്യൂക്ലിയർ ഇന്ധനങ്ങൾ വാങ്ങുന്നുണ്ടെന്ന് പുട്ടിൻ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
“യുഎസിന് റഷ്യൻ ഇന്ധനം വാങ്ങാമെങ്കിൽ ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റില്ല?” എന്ന ചോദ്യവും പുട്ടിൻ ഉന്നയിച്ചു. ഇന്ത്യയിലേക്ക് തടസ്സമില്ലാതെ റഷ്യൻ എണ്ണ വിതരണം ചെയ്യാൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ട്രംപ് ഇന്ത്യയ്ക്കെതിരെ 50% തീരുവ ഏർപ്പെടുത്തുകയും, റോസ്നെഫ്റ്റ്, ലൂക്കോയൽ എന്നീ രണ്ട് വമ്പൻ റഷ്യൻ എണ്ണ കയറ്റുമതി കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി വൻതോതിൽ കുറച്ചിട്ടുണ്ട്. ഒക്ടോബറിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ 38 ശതമാനം ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. 2024 ഒക്ടോബറിൽ ഇന്ത്യ 5.8 ബില്യൻ ഡോളറിന്റെ റഷ്യൻ എണ്ണയാണ് ഇറക്കുമതി ചെയ്തത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഇത് 3.55 ബില്യൻ ഡോളറായി കുറഞ്ഞു.

