കയറ്റുമതി ശേഷിയില്‍ പുരോഗതി, ഇനിയും ദൂരം: കേരളം 11-ാം സ്ഥാനത്ത്

രാജ്യത്തെ കയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയില് കേരളം ശ്രദ്ധേയമായ മുന്നേറ്റം നടത്തി. നിതി ആയോഗ് പുറത്തിറക്കിയ ‘എക്സ്പോര്ട്ട് പ്രിപയേഡ്നസ് ഇന്ഡക്സ് 2024’ പ്രകാരം കേരളം ഇത്തവണ 11-ാം സ്ഥാനത്തെത്തി. 2022ല് 19-ാം സ്ഥാനത്തായിരുന്ന കേരളത്തിന് ഇത് വലിയ പുരോഗതിയായെങ്കിലും, കയറ്റുമതി ശേഷി ഇനിയും മെച്ചപ്പെടുത്താന് ഗണ്യമായ നടപടികള് ആവശ്യമായുണ്ടെന്ന വിലയിരുത്തലാണ് റിപ്പോര്ട്ട് മുന്നോട്ടുവയ്ക്കുന്നത്.

റാങ്കിങ്ങില് മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്തെത്തിയത്. മുന്വര്ഷങ്ങളില് ഒന്നാമതുണ്ടായിരുന്ന തമിഴ്നാട് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ‘ഇന്ത്യയുടെ കയറ്റുമതി ഹബ്’ എന്ന നിലയില് തമിഴ്നാടിനുണ്ടായിരുന്ന മുന്തൂക്കം മഹാരാഷ്ട്ര സ്വന്തമാക്കി. ഗുജറാത്ത്, ഉത്തര്പ്രദേശ്, ആന്ധ്രാപ്രദേശ്, കര്ണാടക എന്നീ സംസ്ഥാനങ്ങളാണ് തുടര്ന്നുള്ള സ്ഥാനങ്ങളില്.എന്നാല്, ഇത്തവണത്തെ റാങ്കിങ് മുന്വര്ഷങ്ങളുമായി നേരിട്ട് താരതമ്യം ചെയ്യാനാകില്ലെന്ന് നിതി ആയോഗ് സി.ഇ.ഒ. വ്യക്തമാക്കി. റാങ്കിങ് തയ്യാറാക്കുന്നതിലെ ഇന്ഡക്സ് മാനദണ്ഡങ്ങളില് മാറ്റം വരുത്തിയതിനാലാണ് മുന്വര്ഷ റാങ്കിങ് ഈ റിപ്പോര്ട്ടിനൊപ്പം പ്രസിദ്ധീകരിക്കാതിരുന്നത്.

കേരളത്തിന്റെ പ്രകടനം: കണക്കുകള് പറയുന്നത്

2020–21 മുതല് 2023–24 വരെയുള്ള കാലയളവില് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കയറ്റുമതി പ്രകടനവും ഭാവി സാധ്യതകളുമാണ് റിപ്പോര്ട്ട് വിലയിരുത്തിയത്. കയറ്റുമതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്, ബിസിനസ് ആവാസവ്യവസ്ഥ, നയങ്ങളും ഭരണ സംവിധാനവും, യഥാര്ഥ കയറ്റുമതി പ്രകടനം എന്നിവയാണ് റാങ്കിങ്ങിന് അടിസ്ഥാനം.ഈ മാനദണ്ഡങ്ങളില് കേരളത്തിന് 53.76 എന്ന സ്കോറാണ് ലഭിച്ചത്. ഒന്നാമതെത്തിയ മഹാരാഷ്ട്രയ്ക്ക് 68.01 സ്കോറുണ്ട്. മുന് റിപ്പോര്ട്ടില് കേരളത്തിന്റെ സ്കോര് 44.03 ആയിരുന്നു എന്നത് പുരോഗതിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

പെട്രോളിയം കയറ്റുമതിയുടെ കരുത്ത്

2023–24 സാമ്പത്തിക വര്ഷത്തില് കേരളം 68,375 കോടി രൂപയുടെ ഉല്പന്നങ്ങളാണ് കയറ്റുമതി ചെയ്തതെന്ന് റിപ്പോര്ട്ട് വ്യക്തമാക്കുന്നു. ഇതില് 32,025 കോടി രൂപ പെട്രോളിയം ഉല്പന്നങ്ങളാണ്—ബിപിസിഎല് കൊച്ചി റിഫൈനറിയുടെ നിര്ണായക പങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇതുകൂടാതെ സമുദ്രോല്പന്നങ്ങള്, റബര് ഉല്പന്നങ്ങള്, സുഗന്ധവ്യഞ്ജനങ്ങള്, കയർ ഉല്പന്നങ്ങള്, ഐടി സേവനങ്ങള് തുടങ്ങിയ മേഖലകളും കേരളത്തിന്റെ കയറ്റുമതി ചിത്രത്തില് പ്രധാന പങ്കുവഹിക്കുന്നു.റാങ്കിങ്ങില് നേടിയ മുന്നേറ്റം കേരളത്തിന് ആത്മവിശ്വാസം നല്കുന്നതാണെങ്കിലും, ലജിസ്റ്റിക്സ്, മൂല്യവര്ധിത ഉല്പന്നങ്ങള്, നയപരമായ ലളിതീകരണം തുടങ്ങിയ മേഖലകളില് കൂടുതല് ശ്രദ്ധ ചെലുത്തിയാല് മാത്രമേ സംസ്ഥാനത്തിന് കയറ്റുമതി രംഗത്ത് അടുത്ത ചുവടുവയ്ക്കാന് കഴിയൂവെന്ന് റിപ്പോര്ട്ട് സൂചിപ്പിക്കുന്നു.