കേരളത്തിലെ 5 ജലപാതകൾക്ക് പുതിയ പ്രതീക്ഷ; ജലപാതാ കൗൺസിൽ യോഗം 23ന് കൊച്ചിയിൽ

യാത്രയ്ക്കും ചരക്കുനീക്കത്തിനും ഏറ്റവും ചെലവുകുറഞ്ഞ ഗതാഗതമാർഗമായി ഉൾനാടൻ ജലഗതാഗതത്തെ വികസിപ്പിക്കുന്നതിനുള്ള നിർണായക നീക്കങ്ങളുമായി ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റി (IWAI) മൂന്നാമത് ജലപാതാ കൗൺസിൽ യോഗം ഈ മാസം 23ന് കൊച്ചിയിൽ ചേരുന്നു. ഏറ്റവും അത്യാവശ്യമായ ജലപാതകളുടെ വികസനം ലക്ഷ്യമിടുന്ന ഈ യോഗം കേരളത്തിന് മുന്നിൽ വലിയ സാധ്യതകളാണ് തുറക്കുന്നത്.
ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി ശാന്തനു താക്കൂർ, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എംപിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. രാജ്യത്തുടനീളമുള്ള ഉൾനാടൻ ജലഗതാഗത വികസനത്തിന് ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികൾക്ക് ഈ അവസരത്തിൽ കേന്ദ്രമന്ത്രി തുടക്കം കുറിക്കും.

ഉൾനാടൻ ജലഗതാഗത പദ്ധതികളിൽ കേന്ദ്ര–സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ കരാറുകളിലും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ. സുസ്ഥിര നഗര ജലഗതാഗത സംവിധാനം രൂപപ്പെടുത്തൽ, ചരക്കുഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കൽ, യാത്രാ ഗതാഗതത്തിനായി ഹരിത യാനങ്ങൾ പ്രോത്സാഹിപ്പിക്കൽ, നദീതട ക്രൂസ് ടൂറിസം വികസനം, ഡിജിറ്റൽ–സുസ്ഥിര പ്രവർത്തന രീതികൾ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളാണ് IWDC 3.0യുടെ പ്രധാന അജണ്ട.

കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ പ്രധാനമായും ദേശീയ ജലപാത–3ന്റെ വികസനമാണ് ചർച്ചയാകുകയെന്ന് തുറമുഖ, ഷിപ്പിങ്, ജലപാതകാര്യ പാർലമെന്ററി കമ്മിറ്റിയംഗമായ ഹൈബി ഈഡൻ എംപി വ്യക്തമാക്കി. കേരളത്തിന്റെ ഏറ്റവും നിർണായകമായ ജലപാതയായ എൻഡബ്ല്യു–3ന് വേണ്ട പ്രാധാന്യം യോഗത്തിൽ ലഭിക്കേണ്ടതുണ്ടെന്നും സംസ്ഥാന സർക്കാർ വ്യക്തമായ പദ്ധതികളുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ സംസ്ഥാനങ്ങളിലെ ജലപാതകൾക്ക് വൻ നിക്ഷേപം ലഭിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം ഉറപ്പാക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തണം. കൊല്ലം–കോട്ടപ്പുറം ജലപാതയുടെ വികസനത്തിനുള്ള ഫണ്ട് സമാഹരണം അനിവാര്യമാണെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി.
ഡ്രെഡ്ജിങ് ജലപാത വികസനത്തിനൊപ്പം പരിസ്ഥിതി പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. കുമ്പളങ്ങി മുതൽ പുത്തൻവേലിക്കര വരെയുള്ള പ്രദേശങ്ങളിൽ ഓരുവെള്ളം കയറുന്നത് തടയാൻ ഇതുവഴി സാധിക്കും. ടൂറിസം മേഖലയിലും വൻ സാധ്യതകളാണ് തുറക്കുന്നത്. കടമക്കുടി പോലുള്ള ദ്വീപുകൾ ഇതിനകം ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. കായൽ പ്രദേശങ്ങളെയും ദ്വീപുകളെയും ബന്ധിപ്പിക്കാൻ ജലപാത വികസനം നിർണായകമാണ്.

കൊച്ചി വാട്ടർ മെട്രോ പദ്ധതി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും ജലപാതകളുടെ ഡ്രെഡ്ജിങ്ങും അടിസ്ഥാന സൗകര്യ വികസനവും അനിവാര്യമാണെന്ന് ഹൈബി പറഞ്ഞു. കൊച്ചി തുറമുഖത്തെ ക്രൂസ് ടെർമിനൽ വികസനത്തിനായി 120 കോടി രൂപയുടെ പദ്ധതി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഫലപ്രദമായി ഉന്നയിക്കാൻ സംസ്ഥാന സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജലപാതകൾ വഴിയുള്ള യാത്രയും ചരക്കുനീക്കവും വർധിപ്പിച്ച് അവയെ സുസ്ഥിര വളർച്ചയുടെ പാതകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര തുറമുഖ–ഷിപ്പിങ്–ജലപാത വകുപ്പിന്റെ നേതൃത്വത്തിൽ IWDC യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ദേശീയ ജലപാത–1ന്റെ വികസനം ചർച്ച ചെയ്യാൻ 2024ൽ കൊൽക്കത്തയിലായിരുന്നു ആദ്യ കൗൺസിൽ യോഗം. കാസിരംഗയിൽ നടന്ന രണ്ടാം യോഗം ദേശീയ ജലപാത–2നായിരുന്നു കേന്ദ്രീകരിച്ചത്.

ഇക്കുറി കേരളത്തിലെ ജലപാതകൾക്ക് പ്രത്യേക ശ്രദ്ധ ലഭിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ദേശീയ ജലപാത–3, 8, 9, 13, 59 എന്നിങ്ങനെ അഞ്ച് ദേശീയ ജലപാതകളാണുള്ളത്. ആകെ 465.89 കിലോമീറ്റർ നീളമുള്ള ഈ ജലപാതകളിൽ ദേശീയ ജലപാത–3, 8, 9 എന്നിവ നിലവിൽ പ്രവർത്തനക്ഷമമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3.559 ദശലക്ഷം ടൺ ചരക്കുഗതാഗതമാണ് ഇവയിലൂടെ സാധ്യമായത്.തൃക്കുന്നപ്പുഴ ലോക്ക് ഗേറ്റിന്റെ നവീകരണം, ദേശീയ ജലപാത–3 ലെ കോവിൽത്തോട്ടം മേൽപാലത്തിന്റെ പുനർനിർമ്മാണം എന്നിവ ഉൾപ്പെടെ സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിലാണ് IWDC 3.0 പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫെയർവേ വികസനം, ടെർമിനൽ പ്രവർത്തനങ്ങൾ, സംസ്ഥാന സർക്കാരുമായി ഏകോപിപ്പിച്ച് ഡ്രെഡ്ജ് ചെയ്ത മണ്ണിന്റെ നീക്കം തുടങ്ങിയ വെല്ലുവിളികൾക്കും യോഗത്തിൽ പരിഹാര നിർദേശങ്ങൾ ഉയരാൻ സാധ്യതയുണ്ട്.