മദർ ഓഫ് ഓൾ ഡീൽസ്’; ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; കേരളത്തിന് പുതിയ അവസരങ്ങൾ

‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന വിശേഷണത്തോടെ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കുന്ന കരാറാണ് ഇത്. യൂറോപ്യൻ വിപണിയിലേക്കുള്ള കയറ്റുമതിയിൽ നിലവിലുണ്ടായിരുന്ന ഉയർന്ന തീരുവഭാരം ഇല്ലാതാകുന്നതോടെ ഇന്ത്യൻ ഉൽപന്നങ്ങൾ കൂടുതൽ മത്സരക്ഷമമാകും. ഇതോടെ കയറ്റുമതി കുതിക്കാനും പുതിയ വിപണികളിലേക്ക് കടന്നുചെല്ലാനും വഴിയൊരുങ്ങും.

ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാരക്കരാർ വഴി രാജ്യത്തെ സംസ്ഥാനങ്ങൾക്ക് ആകെ 6.4 ലക്ഷം കോടി രൂപയുടെ കയറ്റുമതി നേട്ടം ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ എക്സിൽ വ്യക്തമാക്കി. കരാറിന് പിന്നിലെ നിർണായക വ്യക്തി പീയുഷ് ഗോയലാണെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലേയെൻ കരാർ പ്രഖ്യാപനച്ചടങ്ങിൽ പ്രത്യേകമായി പരാമർശിക്കുകയും ചെയ്തു.

തീരുവരഹിത കയറ്റുമതിക്ക് വാതിൽ തുറക്കുന്നു

ഇന്ത്യയിൽ നിന്നുള്ള ടെക്സ്റ്റൈൽ–അപ്പാരൽ, എൻജിനിയറിങ് ഉൽപന്നങ്ങൾ, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, ഇലക്ട്രോണിക്സ്, ജെം ആൻഡ് ജ്വല്ലറി, കെമിക്കൽസ്, സമുദ്രോൽപന്നങ്ങൾ, ലെതർ–പാദരക്ഷകൾ, പ്ലാസ്റ്റിക്–റബർ ഉൽപന്നങ്ങൾ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, ഫർണിച്ചർ, കരകൗശല വസ്തുക്കൾ, ധാതുക്കൾ, കായിക ഉപകരണങ്ങൾ, കാർഷിക ഉൽപന്നങ്ങൾ എന്നിവയുടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇനി തീരുവരഹിതമോ നാമമാത്ര തീരുവയോടെയോ ആയിരിക്കും.
കേരളത്തിൽ നിന്ന് യൂറോപ്യൻ യൂണിയനിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത് സമുദ്രോൽപന്നങ്ങൾ, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, തേയില, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ്. അതിനാൽ തന്നെ ഈ ഡീൽ കേരളത്തിന് നേരിട്ടുള്ള വലിയ നേട്ടമാകും.

നേട്ടം കൊയ്യാൻ കേരളം

കൊച്ചിയും ആലപ്പുഴയും വഴി ചെമ്മീൻ, ട്യൂണ തുടങ്ങിയ സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിക്കും. ഇടുക്കി, വയനാട് മേഖലകളിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ യൂറോപ്യൻ വിപണിയിലേക്ക് കൂടുതൽ ഒഴുകും. മരുന്ന് കയറ്റുമതിയിൽ കേരളം വലിയ വളർച്ച പ്രതീക്ഷിക്കുന്നു. കാർഷിക മേഖലയിലും തീരദേശ മേഖലയിലും തൊഴിൽ അവസരങ്ങളും വരുമാനവും ഉയരുമെന്നതോടെ ഈ മേഖലകളെ ആശ്രയിച്ചുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്കും ഇത് ആശ്വാസമാകും.

രാജ്യവ്യാപകമായ നേട്ടങ്ങൾ

∙ ഇന്ത്യയുടെ എൻജിനിയറിങ് മേഖലയ്ക്ക് 2 ട്രില്യൻ ഡോളർ മൂല്യമുള്ള യൂറോപ്യൻ വിപണിയിലേക്കുള്ള പ്രവേശനം ലഭിക്കും. 2030ഓടെ 300 ബില്യൻ ഡോളർ കയറ്റുമതി വരുമാനം നേടണമെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഇത് വലിയ കരുത്താകും.
∙ മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ എംഎസ്എംഇകൾക്ക് ഡീൽ വലിയ അവസരങ്ങളൊരുക്കും. ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങൾ ഇലക്ട്രോണിക്സ്, എൻജിനിയറിങ് മാനുഫാക്ചറിങ്ങിന്റെ കേന്ദ്രങ്ങളാണ്.
∙ ജെം ആൻഡ് ജ്വല്ലറി മേഖലയ്ക്ക് യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതിയിൽ 100 ശതമാനം തീരുവയിളവ് ലഭിക്കും. 79 ബില്യൻ ഡോളർ മൂല്യമുള്ള വിപണിയിലേക്കാണ് നികുതിരഹിത പ്രവേശനം സാധ്യമാകുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ കമ്പനികൾക്ക് ഇത് വലിയ നേട്ടമാകും.
∙ ലെതർ, ഫൂട്വെയർ ഉൽപന്നങ്ങളുടെ തീരുവ 17 ശതമാനത്തിൽ നിന്ന് പൂജ്യത്തിലേക്ക് കുറയും. 100 ബില്യൻ ഡോളറിന്റെ വിപണിയിലേക്കാണ് ഇന്ത്യൻ ലെതർ–പാദരക്ഷ ഉൽപന്നങ്ങൾ ഇനി തീരുവയില്ലാതെ കടന്നുചെല്ലുക. തമിഴ്നാട്ടിലെ വെല്ലൂർ–അംബൂർ മേഖലക്കും ‘കോലാപ്പുരി’ ബ്രാൻഡ് പാദരക്ഷകൾക്കും ഇത് വലിയ അവസരമാകും.
∙ 263 ബില്യൻ ഡോളർ മൂല്യമുള്ള യൂറോപ്യൻ ടെക്സ്റ്റൈൽ വിപണിയിൽ ഇന്ത്യയ്ക്ക് നിർണായക മേൽക്കൈ ലഭിക്കും. ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെക്കാൾ മുന്നിലെത്താൻ ഇന്ത്യക്ക് ഇത് സഹായകമാകും. തിരുപ്പൂർ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ ടെക്സ്റ്റൈൽ ഹബ്ബുകൾക്ക് ഡീൽ വലിയ കരുത്താകും.
കേരള കമ്പനികൾക്കും കരുത്ത്
കേരള ആസ്ഥാനമായ കിറ്റെക്സ് യുഎസിന് പുറമേ യൂറോപ്യൻ വിപണിയിലേക്കും വ്യാപനം നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യ–ഇയു ഡീൽ കിറ്റെക്സിനും വലിയ നേട്ടമാകും. ഡീൽ പ്രഖ്യാപനത്തെ തുടർന്ന് കിറ്റെക്സിന്റെ ഓഹരിവില 5 ശതമാനത്തിലധികം ഉയർന്നതും ശ്രദ്ധേയമാണ്.
ഇന്ത്യ–ഇയു ഡീൽ: ഒറ്റനോട്ടത്തിൽ
∙ 27 രാജ്യങ്ങളടങ്ങിയ യൂറോപ്യൻ യൂണിയൻ; സംയുക്ത വിപണിമൂല്യം 20 ട്രില്യൻ ഡോളർ (ഏകദേശം 1,800 ലക്ഷം കോടി രൂപ).
∙ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരക്കരാർ.
∙ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ; രണ്ടാം സ്ഥാനത്ത് യൂറോപ്യൻ യൂണിയൻ.
∙ 33 ബില്യൻ ഡോളർ മൂല്യമുള്ള ഇന്ത്യൻ കയറ്റുമതി ഉൽപന്നങ്ങൾക്ക് ഇനി ഇയുവിൽ തീരുവ ഇല്ല.
∙ ആഗോള ജിഡിപിയുടെ 25 ശതമാനവും ലോക വ്യാപാരത്തിന്റെ ഏകദേശം മൂന്നിലൊന്നും ഇന്ത്യ–ഇയു ഡീലിന്റെ പരിധിയിൽ വരും.