സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ ഇത്തവണ പങ്കെടുക്കുന്നതിനായി കേരളം 10 കോടി രൂപ ചെലവഴിക്കുമെന്ന് റിപ്പോർട്ട്. ഇതിൽ 6.8 കോടി രൂപ ഇവന്റ് മാനേജ്മെന്റ് അടക്കമുള്ള അനുബന്ധ ചെലവുകൾക്കായിരിക്കും.സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഇവന്റ് മാനേജറായി ബിസിനസ് കൂട്ടായ്മയായ ഫിക്കിയെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) വ്യവസായ വകുപ്പ് തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഫിക്കിക്ക് മുൻകൂറായി 3 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
ജിഎസ്ടി ഒഴികെ 6.8 കോടി രൂപ ചെലവാകുമെന്ന് ഫിക്കി സർക്കാരിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മുൻകൂർ തുക അനുവദിച്ചത്. മന്ത്രിയും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് ദാവോസിലേക്ക് പോകുന്നത്. ഈ മാസം 19 മുതൽ 23 വരെയാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനം നടക്കുക. കഴിഞ്ഞ വർഷവും കേരളം ഈ അന്താരാഷ്ട്ര വേദിയിൽ പങ്കെടുത്തിരുന്നു

