വ്യവസായ സൗഹൃദത്തിൽ നേട്ടം തുടർന്നു; ‘ഫാസ്റ്റ് മൂവേഴ്സ്’ പട്ടികയിൽ വീണ്ടും കേരളം

വ്യവസായ സൗഹൃദ നടപടികളിൽ കേരളം തുടർച്ചയായ രണ്ടാം തവണയും “ഫാസ്റ്റ് മൂവേഴ്സ്” പട്ടികയിൽ ഇടം നേടി. കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ (BRAP) അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് ഈ നേട്ടം.

ഒഡീഷ, പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിനൊപ്പം ‘ഫാസ്റ്റ് മൂവേഴ്സ്’ വിഭാഗത്തിൽ ഉൾപ്പെട്ടത്.ബിസിനസ് സൗഹൃദത്വം അളക്കുന്നതിനുള്ള 25 ബിസിനസ് പരിഷ്കരണ സൂചികകളിൽ നാലെണ്ണത്തിൽ കേരളം ‘ടോപ്പ് അച്ചീവേഴ്സ്’ (95% മുകളിൽ) വിഭാഗത്തിലെത്തി. അതിനൊപ്പം ‘ഫാസ്റ്റ് മൂവേഴ്സ്’ വിഭാഗത്തിലുള്ള ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങൾ അഞ്ച് സൂചികകളിൽ ടോപ്പ് അച്ചീവേഴ്സ് പട്ടികയിൽ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ഡൽഹിയിൽ നടന്ന സംസ്ഥാന വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ, കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലിൽ നിന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് പുരസ്കാരം ഏറ്റുവാങ്ങി.‘ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ’ നടപ്പാക്കുന്നതിലെ പ്രകടനം വിലയിരുത്തുന്നത് മൂന്നു വിഭാഗങ്ങളായി — ടോപ്പ് അച്ചീവേഴ്സ്, ഫാസ്റ്റ് മൂവേഴ്സ്, ആസ്പയറേഴ്സ് എന്ന രീതിയിലാണ്.

2020ലെ റാങ്കിങിൽ ‘ആസ്പയറേഴ്സ്’ വിഭാഗത്തിലായിരുന്ന കേരളം, 2022ൽ വ്യവസായ വളർച്ചയിലെ മുന്നേറ്റം മൂലം ‘ഫാസ്റ്റ് മൂവേഴ്സ്’ പട്ടികയിൽ എത്തിയതും, ഈ വർഷവും ആ സ്ഥാനം നിലനിർത്തിയതുമാണ്.
സംരംഭകരുടെ അഭിപ്രായങ്ങളും സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദ നടപടികളും ഉൾപ്പെടുത്തി തയ്യാറാക്കിയ വിലയിരുത്തലിലാണ് ഈ റാങ്കിങ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.