കേരളത്തെ ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർണായക പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി. വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത കുറയ്ക്കുകയും കേരളത്തിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിനായി ‘കേരള നോളജ് വാലി’ പദ്ധതിയും പ്രഖ്യാപിച്ചു.
ലോകത്തെ പ്രമുഖ സർവകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക് പ്രോഗ്രാമുകൾ കേരളത്തിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ വിദേശ സർവകലാശാലകളിൽ പഠിക്കുന്നതിനു സമാനമായ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ ലഭ്യമാകും.ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി പ്രത്യേക മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence) സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും വികസനം വേഗത്തിലാക്കുന്നതിനുമായി സ്വകാര്യ സർവകലാശാല ബില്ലിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
പിന്നാക്ക, ഗോത്രവർഗ മേഖലകളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസനത്തിനും സാമൂഹിക ഉൾച്ചേരലിനും ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ.ആധുനിക തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകൾ, മികച്ച ഗവേഷണ സൗകര്യങ്ങൾ, മുൻനിര ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം എന്നിവയിലൂടെ കേരളത്തെ ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

