‘കെഫൈ’ പദ്ധതി: കെ ഫോൺ പുറത്ത്, ഹോട്‌സ്പോട്ട് കരാർ ബിഎസ്എൻഎലിന്

സംസ്ഥാന സർക്കാരിന്റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ ‘കെഫൈ’യിൽ നിന്ന് കെ ഫോൺ പുറത്തായി. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകളുടെ പരിപാലനവും 2,000 പുതിയ ഹോട്സ്പോട്ടുകളുടെ സ്ഥാപനം കെ ഫോണിന് നൽകാനുള്ള തീരുമാനം സർക്കാർ പിന്‍വലിച്ചു. നിലവിലുള്ള 2,023 ഹോട്സ്പോട്ടുകളുടെ പരിപാലന കരാർ 5 വർഷത്തേക്ക് 41.97 കോടി രൂപയ്ക്ക് ബിഎസ്എൻഎലിന് നൽകി.

അതേസമയം, 2,000 പുതിയ ഹോട്സ്പോട്ടുകൾ സ്ഥാപിക്കുന്നതിനായി ഓപ്പൺ ടെൻഡർ വിളിക്കാനും സർക്കാർ തീരുമാനിച്ചു. സർക്കാർ തന്നെ ഏറെ പ്രാധാന്യം നൽകിയ പദ്ധതിയായ കെ ഫോൺ, ഇപ്പോൾ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ശ്രദ്ധേയമാണ്.പുതിയതായി ആരംഭിക്കാനിരിക്കുന്നവ ഉൾപ്പെടെ മൊത്തം 4,023 ഹോട്സ്പോട്ടുകൾക്കായി 133 കോടി രൂപയുടെ പദ്ധതി നിർദേശം കെ ഫോൺ രണ്ട് വർഷം മുമ്പ് ഐടി മിഷനു സമർപ്പിച്ചിരുന്നു. ഐടി മിഷൻ ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ പിന്നീട് അതിന് തുടർനടപടി എടുത്തിരുന്നില്ല.

2018-ൽ പബ്ലിക് വൈഫൈയുടെ സിസ്റ്റം ഇന്റഗ്രേറ്ററായി ബിഎസ്എൻഎലിന് 5 വർഷത്തേക്ക് ചുമതല നൽകിയിരുന്നു. 2023-ൽ കാലാവധി അവസാനിച്ചതിന് ശേഷം, ഓരോ ആറു മാസം വീതം നാലുതവണ കരാർ നീട്ടി നൽകുകയും ചെയ്തിരുന്നു. കെ ഫോണിന് പദ്ധതി കൈമാറാനുള്ള നടപടികൾ പൂർത്തിയാകുന്നതുവരെ നീട്ടുന്നതാണെന്നായിരുന്നു അന്നത്തെ വിശദീകരണം.ബിഎസ്എൻഎലിനെക്കാൾ നിരക്ക് കൂടുതലായിരുന്നെങ്കിലും 100 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് നൽകാമെന്ന് കെ ഫോൺ വാഗ്ദാനം ചെയ്തിരുന്നു, ബിഎസ്എൻഎൽ നൽകുന്നത് 10 എംബിപിഎസ് വേഗം മാത്രമായിരുന്നു.

എന്നാൽ രണ്ടുവർഷത്തെ വൈകിയതിനുശേഷം കെ ഫോണിന്റെ പദ്ധതി സർക്കാർ തള്ളുകയായിരുന്നു. പുതിയ കരാർ പ്രകാരം ബിഎസ്എൻഎൽ 50 എംബിപിഎസ് ബാൻഡ്‌വിഡ്ത്ത് നൽകും. അഞ്ചു വർഷത്തേക്കുള്ള കരാറായതിനാൽ അതുവരെ കെ ഫോണിന് ഈ പദ്ധതിയിൽ അവസരം ലഭിക്കില്ല.