Invest Kerala Global Summit: ഒരു വർഷം പിന്നിട്ടു: 55,000 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് തുടക്കം

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ഗ്ലോബൽ ഉച്ചകോടിക്ക് ഒരു വര്ഷം പിന്നിടുമ്പോള് 54,908.22 കോടി രൂപയുടെ പദ്ധതികൾ നിർമാണഘട്ടത്തിലെത്തിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയിൽ 40 ശതമാനത്തിലധികം പദ്ധതികൾ യാഥാർത്ഥ നിക്ഷേപങ്ങളായി മാറിയതായും അദ്ദേഹം പറഞ്ഞു.449 നിക്ഷേപകരിൽ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപ താല്പര്യപത്രങ്ങളാണ് (EOI) സര്ക്കാരിന് ലഭിച്ചത്. ഇതില് 115 പദ്ധതികൾ നിർമാണം ആരംഭിക്കുകയോ പ്രവർത്തനം തുടങ്ങുകയോ ചെയ്തിട്ടുണ്ട്. ഇതിനകം 66,073 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

ടൂറിസം, ഭക്ഷ്യ സംസ്കരണം, ഐടി,ഫാർമസി കുട്ടിക്കൽസ് , ഹെൽത്ത്കെയർസ് തുടങ്ങി 22 മുൻഗണനാ മേഖലകളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ലഭിച്ച നിക്ഷേപ താല്പര്യപത്രങ്ങളിൽ സമയബന്ധിതമായി യാഥാര്ത്ഥ്യമാക്കുന്നതിലാണ് ഇപ്പോൾ പ്രധാന ശ്രദ്ധ.100 കോടി രൂപവരെ വരുന്ന നിക്ഷേപങ്ങൾ വ്യവസായ-വാണിജ്യ ഡയറക്ടറേറ്റാണ് നിരീക്ഷിക്കുന്നത്. അതിന് മുകളിലുള്ള പദ്ധതികൾ Kerala State Industrial Development Corporation (കെ.എസ്.ഐ.ഡി.സി) മേൽനോട്ടം വഹിക്കുന്നു. നിക്ഷേപകർക്ക് ആവശ്യമായ അനുമതികൾ വേഗത്തിൽ നല്കുന്നതിനായി പ്രത്യേക സംവിധാനം വ്യവസായ വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യുന്നു.

ആകെ 4,97,800 തൊഴിലവസര സാധ്യതകളാണ് ഈ നിക്ഷേപങ്ങളിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിനകം 285 പദ്ധതികൾ ക്ക് ഭൂമി അനുവദിച്ചു. നിര്മ്മാണം തുടങ്ങിയ പദ്ധതികളിൽ മാത്രം 66,073 തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.നിക്ഷേപ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനായി സർക്കാർ പ്രത്യേക ഓൺലൈൻ പോർട്ടലും ആരംഭിച്ചു. നോഡൽ ഓഫീസർമാരുടെ പ്രവർത്തനം നിരീക്ഷിക്കുകയും നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ പെടുത്തി വേഗത്തിൽ പരിഹരിക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. പദ്ധതിനിർവഹണത്തിലെ തടസ്സങ്ങൾ നീക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായ ഉപദേശക സമിതിയും നിലവിലുണ്ട്.