ഗോൾഡ് ലോൺ വായ്പയിൽ 50% കുതിപ്പ്, മുന്നിൽ ദക്ഷിണേന്ത്യ

സ്വർണവില റെക്കോർഡ് ഉയരങ്ങളിലെത്തിയതോടെ രാജ്യത്ത് ഗോൾഡ് ലോണുകൾക്കും വൻ വളർച്ച. 2025-26 സാമ്പത്തിക വർഷത്തിൽ സ്വർണ വായ്പകളുടെ മൊത്തം മൂല്യം മുൻവർഷത്തേക്കാൾ 50 ശതമാനം ഉയർന്ന് 19 ലക്ഷം കോടി രൂപയിലെത്തിയതായി റിപ്പോർട്ട്. ഇതോടെ വളർച്ചാ നിരക്കിൽ മറ്റ് ചെറുകിട വായ്പകളെ മറികടന്ന് സ്വർണ വായ്പകൾ മുന്നിലെത്തി.

ഒരു പ്രമുഖ ക്രെഡിറ്റ് സർവീസ് കമ്പനിയുടെ പഠന റിപ്പോർട്ട് പ്രകാരം, ഇതേ കാലയളവിൽ ആഗോള വിപണിയിൽ സ്വർണവില ഡോളർ അടിസ്ഥാനത്തിൽ 36 ശതമാനം വർധിച്ചു. സ്വർണവിലയിലെ കുതിപ്പാണ് വായ്പാ വിതരണത്തിലും പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ.സ്വർണ വായ്പകളോടുള്ള ജനങ്ങളുടെ സമീപനത്തിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് അടിയന്തര സാഹചര്യങ്ങളിൽ മാത്രം ആശ്രയിച്ചിരുന്ന സ്വർണ വായ്പകൾ ഇന്ന് ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ചെറിയ തുകകൾക്ക് പോലും ആളുകൾ സ്വർണപ്പണയ വായ്പകളെ കൂടുതൽ ആശ്രയിക്കുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ഇതോടൊപ്പം, ജാമ്യമില്ലാത്ത വ്യക്തിഗത വായ്പകളുടെ ആവശ്യകതയിൽ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ചെറുകിട വായ്പാ മേഖലയിലെ കിട്ടാക്കടം കുറയുന്നതിനും സഹായകമായതായി വിലയിരുത്തപ്പെടുന്നു.
രാജ്യത്തെ മൊത്തം സ്വർണപ്പണയ വായ്പകളിൽ 75 ശതമാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്യപ്പെടുന്നത്. 19 ലക്ഷം കോടി രൂപയുടെ ആകെ വായ്പാ മൂല്യത്തിൽ 14 ലക്ഷം കോടി രൂപയും കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സ്വർണത്തോടുള്ള ജനങ്ങളുടെ വിശ്വാസവും ഉയർന്ന സ്വർണവിലയും ചേർന്നതോടെ വരും വർഷങ്ങളിലും ഗോൾഡ് ലോൺ മേഖല ശക്തമായ വളർച്ച തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.