ഇൻഫോസിസ് 18,000 കോടി രൂപ ബൈബാക്കിൽ നിന്ന് സുധ മൂർത്തി, നന്ദൻ നിലേക്കനി വിട്ടുനിൽക്കുന്നു

ഓഹരി നിക്ഷേപകരെ ആവേശത്തിലാക്കിയ ഇൻഫോസിസിന്റെ ₹18,000 കോടി രൂപയുടെ ഓഹരി ബൈബാക്ക് പദ്ധതിയിൽ നിന്ന് സുധ മൂർത്തിയും നന്ദൻ നിലേക്കനിയും ഉൾപ്പെടെ പ്രമോട്ടർമാർ പങ്കെടുക്കില്ല. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് ഇൻഫോസിസ് ഈ വിവരം വ്യക്തമാക്കിയത്. ഇപ്പോൾ പ്രമോട്ടർമാർക്ക് കമ്പനിയിലായി 13.05% ഓഹരി പങ്കാളിത്തം ഉണ്ട്.

ഇന്ത്യയിലെ മുൻനിര ഐ.ടി കമ്പനികളിലൊന്നായ ഇൻഫോസിസ്, കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ ബൈബാക്ക് പദ്ധതി പ്രഖ്യാപിച്ചത്. അന്ന് ഓഹരി വില ₹1,509 ആയിരുന്നു. എന്നാൽ കമ്പനി ഒരു ഓഹരിക്ക് ₹1,800 രൂപ നൽകുമെന്ന പ്രഖ്യാപനത്തോടെയാണ് വിപണിയിൽ ആവേശം നിറഞ്ഞത്. നിലവിൽ ഓഹരി വില ₹1,510 പരിധിയിലാണ്, അതിനാൽ ബൈബാക്കിലൂടെ നിക്ഷേപകർക്ക് ഓഹരിക്ക് ₹290 രൂപ അധികം ലഭിക്കും.
ബൈബാക്കിന്റെ റെക്കോർഡ് തീയതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കമ്പനി ഉടൻ പ്രഖ്യാപിക്കും. ഇൻഫോസിസ് സഹസ്ഥാപകർ എൻ.ആർ. നാരായണമൂർത്തി, ഭാര്യ സുധ മൂർത്തി, മകൾ അക്ഷത മൂർത്തി, മകൻ രോഹൻ മൂർത്തി, സഹസ്ഥാപകൻ നന്ദൻ നിലേക്കനി, ഭാര്യ രോഹിണി നിലേക്കനി, മക്കളായ നിഹാർ, ജാൻവി എന്നിവർ എല്ലാം പ്രമോട്ടർ ഗ്രൂപ്പിലാണ്.

ഇൻഫോസിസ് ആകെ 10 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത് — ഇത് കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.41% ആണ്. ബൈബാക്കിൽ പങ്കെടുക്കാതിരിക്കാൻ പ്രമോട്ടർമാർ എടുത്ത തീരുമാനം, കമ്പനിയുടെ ഭാവി പ്രകടനത്തോടുള്ള അവരുടെ ആത്മവിശ്വാസം വ്യക്തമാക്കുന്നതായാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.ഇൻഫോസിസ് മാനേജ്മെന്റിന് സമീപഭാവിയിൽ വളർച്ചയും പണമൊഴുക്കും വർധിക്കുമെന്ന വലിയ പ്രതീക്ഷയുണ്ട്. അതിനാൽ തന്നെ, ഓഹരി മൂല്യം കൂടുതൽ ഉയരുമെന്ന വിശ്വാസത്തിലാണ് പ്രമോട്ടർമാർ ബൈബാക്കിൽ നിന്ന് വിട്ടുനിൽക്കുന്നത്.