യൂറോപ്പ്–അമേരിക്കക്ക് പിന്നാലെ ഗൾഫ്; ഇന്ത്യ വമ്പൻ വ്യാപാര കരാറിലേക്ക്

രണ്ട് പതിറ്റാണ്ടോളം നീണ്ട അനിശ്ചിതത്വങ്ങൾക്ക് പിന്നാലെ ഇന്ത്യയും ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ വീണ്ടും സജീവമാകുന്നു. വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള മാർഗരേഖ (Terms of Reference)യിൽ ഇരുവിഭാഗവും ഒപ്പുവച്ചതോടെയാണ് നിർണായക മുന്നേറ്റമുണ്ടായത്. നിർദിഷ്ട വ്യാപാര കരാറിന്റെ ഭാഗമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളും പ്രവർത്തന രീതികളും മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വർഷങ്ങൾക്ക് മുമ്പ് നിലച്ചുപോയ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഔദ്യോഗികമായി വീണ്ടും ആരംഭിക്കും.

സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ ആറു രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിസിസി. നിലവിൽ യുഎഇയുമായും ഒമാനുമായും ഇന്ത്യയ്ക്ക് വ്യാപാര കരാറുകൾ നിലവിലുണ്ട്. ഖത്തറുമായും സൗദി അറേബ്യയുമായും ചർച്ചകൾ പുരോഗമിക്കുകയാണ്. 2006ലും 2008ലും ഇന്ത്യയും ജിസിസിയും ഓരോ റൗണ്ട് ചർച്ചകൾ പൂർത്തിയാക്കിയിരുന്നെങ്കിലും പിന്നീട് ജിസിസി രാജ്യങ്ങൾ വ്യാപാര ചർച്ചകൾ മരവിപ്പിച്ചതോടെ ഇന്ത്യയുമായുള്ള കരാറും മുടങ്ങുകയായിരുന്നു.

കരാർ യാഥാർഥ്യമാകുകയാണെങ്കിൽ ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരവും നിക്ഷേപവും ഗണ്യമായി വർധിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഊർജ മേഖലയിലും ഇന്ത്യയ്ക്ക് വലിയ നേട്ടമുണ്ടാകുമെന്നും, ഏകദേശം ഒരു കോടി ഇന്ത്യക്കാർ ജോലി ചെയ്യുന്ന മേഖലയാണ് ജിസിസിയെന്നും അദ്ദേഹം പറഞ്ഞു.ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിൽ, പ്രകൃതി വാതകം തുടങ്ങിയ ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. പകരം തുണിത്തരങ്ങൾ, ഇലക്ട്രിക്കൽ മെഷിനറി, സ്റ്റീൽ, ഇരുമ്പ്, ആഭരണങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. 2023–24 സാമ്പത്തിക വർഷത്തിൽ 161.81 ബില്യൻ ഡോളറിന്റെയും, തുടർന്നുള്ള വർഷത്തിൽ 178.7 ബില്യൻ ഡോളറിന്റെയും വ്യാപാരമാണ് ഇന്ത്യ ഗൾഫ് രാജ്യങ്ങളുമായി നടത്തിയത്. ഇതിൽ ഏറ്റവും മുന്നിലുള്ളത് യുഎഇയാണ്; സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ തുടർന്നുനിൽക്കുന്നു.

സൗദി അറേബ്യയുമായി പ്രത്യേക ചർച്ച

ജിസിസി കരാറിന് പുറമെ, ഇന്ത്യയിൽ സൗദി അറേബ്യൻ കമ്പനികളുടെ നിക്ഷേപം വർധിപ്പിക്കുന്നതിനായി പ്രത്യേക ചർച്ചകൾ നടത്താനും ധാരണയായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദിയുമായുള്ള ഉഭയകക്ഷി വ്യാപാര ഉടമ്പടി ജിസിസി കരാറുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും. ഇത് യാഥാർഥ്യമാകുകയാണെങ്കിൽ രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തുമെന്ന പ്രതീക്ഷയുണ്ട്.
അതേസമയം, ചില വിഷയങ്ങളിൽ ഇനിയും ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. മോസ്റ്റ് ഫേവേർഡ് നേഷൻ പദവി നൽകണമെന്നതാണ് സൗദിയുടെ പ്രധാന ആവശ്യം. നിക്ഷേപവുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനായി കൂടുതൽ സംവിധാനങ്ങളും സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപം അനിവാര്യമാണെങ്കിലും അതിനായി അധിക ഇളവുകൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇതിനെ തുടർന്ന് വിഷയത്തിൽ കൂടുതൽ വിശദമായ ചർച്ചകൾ നടത്താൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.