കൊച്ചി മുതൽ അഗത്തിയിലേക്ക് നേരിട്ട് പറക്കാം; ‘ഫ്ലൈ91’ കേരളത്തിലേക്ക്

മലയാളി ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാനക്കമ്പനിയായ ‘ഫ്ലൈ91’ ആദ്യമായി കേരളത്തിൽ സർവീസ് ആരംഭിക്കുന്നു. ഫെബ്രുവരി 9 മുതൽ കൊച്ചിയും ലക്ഷദ്വീപിലെ അഗത്തിയും തമ്മിൽ പ്രതിദിന സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൊച്ചിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസും പരിഗണനയിലുണ്ട്.

കുന്നംകുളത്ത് കുടുംബവേരുകളുള്ള സംരംഭകൻ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ‘ഫ്ലൈ91’ 2024ൽ ഗോവയെ ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ്. നിലവിൽ മൂന്ന് വിമാനങ്ങൾ ഉപയോഗിച്ച് പുണെ, ഹൈദരാബാദ്, ബെംഗളൂരു ഉൾപ്പെടെ എട്ട് നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിമാസം ഏകദേശം 600 സർവീസുകളാണ് കമ്പനി നടത്തുന്നത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കണക്കുകൾ പ്രകാരം 2025 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മാത്രം 2.59 ലക്ഷം യാത്രക്കാരാണ് ‘ഫ്ലൈ91’ സേവനം ഉപയോഗിച്ചത്. 2024ൽ 1.27 ലക്ഷം യാത്രക്കാരാണ് കമ്പനിയിലൂടെ യാത്ര ചെയ്തത്. 72 യാത്രക്കാരെ വഹിക്കാനാകുന്ന എടിആർ 72–600 ടർബോപ്രോപ് വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്.
പുതിയ സർവീസ് പ്രകാരം രാവിലെ 9.30ന് അഗത്തിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.50ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും. നിലവിൽ മലയാളി ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയാണ് ‘ഫ്ലൈ91’. ഹുബ്ബള്ളി (കർണാടക), രാജമുണ്ട്രി, വിജയവാഡ (ആന്ധ്രപ്രദേശ്), നന്ദേഡ് (മഹാരാഷ്ട്ര), ദബോലിം (ഗോവ) എന്നിവിടങ്ങളിലേക്കും സർവീസ് വൈകാതെ വ്യാപിപ്പിക്കും. 300ലധികം ജീവനക്കാരാണ് ഇപ്പോൾ കമ്പനിയിൽ പ്രവർത്തിക്കുന്നത്.

എന്തുകൊണ്ട് കൊച്ചി?

നിലവിൽ എട്ട് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകൾ ഏഴ് ഇടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. നിലവിലുള്ള മൂന്ന് വിമാനങ്ങൾക്കൊപ്പം മൂന്ന് വിമാനങ്ങൾ കൂടി ഉടൻ ഫ്ലീറ്റിൽ ഉൾപ്പെടുത്തും. പുതിയ നഗരങ്ങളിൽ ആദ്യത്തേത് കൊച്ചിയാണ്. ഗോവ–അഗത്തി റൂട്ടിൽ ഇതിനകം സർവീസ് നടത്തിവരുന്ന സാഹചര്യത്തിൽ, അടുത്ത ഘട്ടമായി കൊച്ചി–അഗത്തി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെന്ന് കമ്പനി സിഇഒ മാനേജ് ചാക്കോ പറഞ്ഞു. പ്രദേശവാസികൾക്കൊപ്പം ടൂറിസ്റ്റുകളും വ്യാപകമായി ഉപയോഗിക്കുന്ന റൂട്ടാണിത്.

യാത്രക്കാർ എന്തിന് ‘ഫ്ലൈ91’ തിരഞ്ഞെടുക്കണം?

കുറഞ്ഞ കാൻസലേഷൻ നിരക്കാണ് ‘ഫ്ലൈ91’യുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മാനേജ് ചാക്കോ പറഞ്ഞു. പ്രവർത്തനം ആരംഭിച്ച രണ്ട് വർഷത്തിനിടെ രണ്ട് ഫ്ലൈറ്റുകൾ മാത്രമാണ് റദ്ദാക്കേണ്ടി വന്നത്. അതേസമയം, മുൻപ് ആവശ്യമായ പ്രാധാന്യം ലഭിക്കാതിരുന്ന നിരവധി ചെറിയ വിമാനത്താവളങ്ങൾ കമ്പനി സർവീസ് ആരംഭിച്ചതോടെ സജീവമായി. മഹാരാഷ്ട്രയിലെ ജൽഗാവ് വിമാനത്താവളം സർവീസ് ഇല്ലാതെ അടച്ചിടേണ്ടി വന്നിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പ്രതിവാരം 21 സർവീസുകളാണ് അവിടെ നടത്തുന്നത്. ചെറുനഗരങ്ങളെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് കമ്പനിയുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.