കൊച്ചിൻ ഷിപ്പ്യാർഡിന് ₹107.5 കോടി ലാഭം; ഓഹരിക്ക് ₹4 വീതം ഇടക്കാല ലാഭവിഹിതം

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) 2025-26 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ₹107.5 കോടി ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനകാലയളവിലെ ₹189 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 43 ശതമാനം ഇടിവാണ് സംഭവിച്ചത്.സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച ക്വാർട്ടർ റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി, പ്രവർത്തന വരുമാനം കഴിഞ്ഞ വർഷത്തെ ₹1,143.19 കോടിയിൽ നിന്ന് 2.2% കുറഞ്ഞ് ₹1,118.58 കോടി ആയതായി. അതേസമയം, മൊത്തച്ചെലവുകൾ ₹980 കോടിയിൽ നിന്ന് ₹1,095.97 കോടി ആയി ഉയർന്നത് ലാഭത്തിൽ നേരിയ സമ്മർദം സൃഷ്ടിച്ചു.

നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം (EBITDA) ₹197 കോടിയിൽ നിന്ന് ₹74 കോടിയായി, ഏകദേശം 63% ഇടിവ് രേഖപ്പെടുത്തി. ലാഭമാർജിനും പ്രവർത്തനമാർജിനും താഴോട്ടാണ് നീക്കം.അതേസമയം, കമ്പനി ഓഹരിയുടമകൾക്ക് ഓഹരിക്ക് ₹4 വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. നവംബർ 18 ആണ് റെക്കോർഡ് തീയതി — അന്നുവരെ ഓഹരികൾ കൈവശമുള്ള നിക്ഷേപകരാണ് ലാഭവിഹിതത്തിന് അർഹർ. ഡിസംബർ 11നകം ലാഭവിഹിതം വിതരണം ചെയ്യും.

ശ്രദ്ധിക്കുക: നിക്ഷേപങ്ങൾ വിപണിയിലെ മാറ്റങ്ങൾക്കും റിസ്കുകൾക്കും വിധേയമാണ്. നിക്ഷേപം ചെയ്യുന്നതിന് മുമ്പ് സ്വതന്ത്രമായ പഠനം നടത്തുകയോ വിദഗ്ധരുമായി ആലോചിക്കുകയോ ചെയ്യുക.