പുകവലിക്കാരെയും പാൻ മസാല ഉപയോഗിക്കുന്നവരെയും കനത്ത വിലക്കയറ്റമാണ് കാത്തിരിക്കുന്നത്. സിഗരറ്റുകളുടെ നികുതി ഘടനയിൽ മാറ്റം വരുത്തി ഫെബ്രുവരി 1 മുതൽ പുതിയ എക്സൈസ് ഡ്യൂട്ടി നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിന്റെ ഫലമായി സിഗരറ്റുകളുടെ വില 20 മുതൽ 30 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്. നിലവിലുണ്ടായിരുന്ന ‘കോംപൻസേഷൻ സെസ്’ ഒഴിവാക്കി, പകരം പുതിയ എക്സൈസ് ഡ്യൂട്ടിയും ഹെൽത്ത് സെസ്സും ഏർപ്പെടുത്തുകയാണ് ലക്ഷ്യം.കഴിഞ്ഞ ഏഴ് വർഷമായി സിഗരറ്റുകളുടെ അടിസ്ഥാന എക്സൈസ് നികുതിയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു സിഗരറ്റിന് ഒരു പൈസയിൽ താഴെ മാത്രമായിരുന്ന ഈ നികുതി വർധിപ്പിക്കുന്നതിലൂടെ പുകയില ഉപയോഗം കുറയ്ക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
പാൻ മസാലയ്ക്ക് ഇനി ജിഎസ്ടിക്ക് പുറമേ ‘ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ്’ കൂടി നൽകേണ്ടിവരും. പാൻ മസാല, ഗുഡ്ഖ എന്നിവയുടെ ഉൽപ്പാദനം കൃത്യമായി നിയന്ത്രിക്കുന്നതിനായി മെഷീൻ അധിഷ്ഠിത നികുതി പിരിവ് സംവിധാനവും നടപ്പിലാക്കും.
ച്യൂയിങ് പുകയില, ജർദ്ദ, ഗുഡ്ഖ തുടങ്ങിയവ നിർമിക്കുന്ന ഫാക്ടറികളിൽ ഇനി നികുതി കണക്കാക്കുന്നത് ഉൽപ്പാദനത്തിന്റെ അളവിന്റെ അടിസ്ഥാനത്തിലല്ല. പകരം, അവിടെയുള്ള പാക്കിങ് മെഷീനുകളുടെ എണ്ണം, വേഗത, ഉൽപ്പാദന ശേഷി എന്നിവ കണക്കിലെടുത്തായിരിക്കും നികുതി നിശ്ചയിക്കുക. എല്ലാ മെഷീനുകളും സർക്കാർ രജിസ്റ്റർ ചെയ്യണം. ഓരോ മാസവും ആറാം തീയതിക്കുള്ളിൽ നികുതി അടയ്ക്കേണ്ടതുമാണ്. ഉൽപ്പാദനം കുറച്ചു കാണിച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് തടയുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.
എന്തുകൊണ്ട് ഈ മാറ്റം?
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം സിഗരറ്റിന്റെ വിലയിൽ കുറഞ്ഞത് 75 ശതമാനമെങ്കിലും നികുതിയായി ഈടാക്കണമെന്നാണ് ശുപാർശ. എന്നാൽ ഇന്ത്യയിൽ നിലവിൽ ഇത് ഏകദേശം 53 ശതമാനം മാത്രമാണ്. പുകയില ഉപയോഗം മൂലം രാജ്യത്തിനുണ്ടാകുന്ന വൻ ആരോഗ്യ ചെലവുകൾ കണക്കിലെടുത്താണ് നികുതി വർധനവിലേക്ക് സർക്കാർ നീങ്ങുന്നത്.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പാസാക്കിയ ‘സെൻട്രൽ എക്സൈസ് ഭേദഗതി ബിൽ’ പ്രകാരമാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്. നികുതി വർധനയുടെ ഭാരം നിർമാതാക്കൾ ഉപഭോക്താക്കളിലേക്ക് കൈമാറുന്നതോടെ, ഫെബ്രുവരി മുതൽ കടകളിൽ സിഗരറ്റിന്റെയും പാൻ മസാലയുടെയും വില കുത്തനെ ഉയരും.

