സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് ഉത്തരവിറക്കിയ അഷ്വേഡ് പെൻഷൻ പദ്ധതി രണ്ട് മാസം പിന്നിട്ടിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ സർക്കാർ സർവീസിൽ പ്രവേശിച്ച രണ്ടായിരത്തിലധികം ജീവനക്കാർക്ക് നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തന്നെ ചേരേണ്ട സാഹചര്യം ഉണ്ടായി.ഈ ആഴ്ച മാത്രം പതിനായിരത്തോളം സർക്കാർ ജീവനക്കാർ വിരമിക്കാനിരിക്കുകയാണ്. അവരുടെ ഒഴിവുകളിലേക്ക് നിയമിതരാകുന്നവർക്കും അഷ്വേഡ് പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും ഇതുവരെ പൂർത്തിയാക്കാത്തതാണ് പ്രധാന തടസമെന്നാണ് വിലയിരുത്തൽ.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന രണ്ട് ബജറ്റുകളിലായി അഷ്വേഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, നടപ്പാക്കാനുള്ള നടപടികൾ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ആരംഭിച്ചത്. ഇതിനെതിരെ, പദ്ധതി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാത്രമാണെന്ന വിമർശനവുമായി യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ രംഗത്തെത്തിയിരുന്നു.പെൻഷൻ ഫണ്ട് രൂപീകരിക്കൽ, സർക്കാർ വിഹിതം കൈമാറൽ, ജീവനക്കാരുടെയും സർക്കാരിന്റെയും സംഭാവനാ വിഹിതം നിശ്ചയിക്കൽ തുടങ്ങി നിരവധി നടപടികൾ ഇനിയും പൂർത്തിയാകാനുണ്ട്. പുതിയ സർക്കാർ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിൽ പദ്ധതിയെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
നിലവിൽ സർക്കാർ സർവീസിൽ പുതുതായി പ്രവേശിക്കുന്നവർ പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ് അംഗമാകുന്നത്. ഇതിനുള്ള സൗകര്യം സ്പാർക്ക് സംവിധാനത്തിൽ ലഭ്യമാണ്. എന്നാൽ അഷ്വേഡ് പെൻഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള സംവിധാനങ്ങൾ ഇതുവരെ ഒരുക്കിയിട്ടില്ല. ഇതുമൂലം പുതിയ ജീവനക്കാർക്ക് കൃത്യമായ മറുപടി നൽകുന്നതിൽ ഡിഡിഒമാരും പ്രതിസന്ധി നേരിടുകയാണ്.
അവസാനം ലഭിച്ച ശമ്പളത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും പെൻഷനായി ഉറപ്പാക്കുന്ന പദ്ധതിയാണ് അഷ്വേഡ് പെൻഷൻ. സർക്കാർ വിഹിതവും ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതവും ചേർന്നാണ് പെൻഷൻ ഫണ്ട് പ്രവർത്തിക്കുക. നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് അഷ്വേഡ് പെൻഷൻ പദ്ധതിയിലേക്ക് മാറുന്നവർക്ക് ഇതിനകം ഫണ്ടിലേക്ക് അടച്ച തുക എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.പദ്ധതി നടപ്പാക്കുന്നതിൽ തുടരുന്ന അനിശ്ചിതത്വം പുതിയ സർക്കാർ ജീവനക്കാരിൽ ആശങ്ക വർധിപ്പിക്കുകയാണ്.

