ആംനെസ്റ്റി സ്കീം: വ്യാപാരികൾക്ക് ആശ്വാസം, തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും

സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച നികുതി കുടിശിക തീർപ്പാക്കൽ പദ്ധതി (ആംനെസ്റ്റി സ്കീം) വ്യാപാരി സമൂഹത്തിന് വലിയ ആശ്വാസമാകുന്നു. ജിഎസ്ടി നിലവിൽ വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വാറ്റ് (VAT) കുടിശിക സംബന്ധിച്ച ദീർഘകാല പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചത്.2024ലെ ബജറ്റിലാണ് ആംനെസ്റ്റി സ്കീം ആദ്യമായി പ്രഖ്യാപിച്ചത്. ജിഎസ്ടിക്ക് മുൻപ് നിലവിലുണ്ടായിരുന്ന വാറ്റ് കുടിശികയായി സർക്കാരിന് 14,000 കോടി രൂപയോളം ലഭിക്കാനുണ്ടായിരുന്നു. എന്നാൽ, ഇതിൽ പലതും വർഷങ്ങളോളം പഴക്കമുള്ളതും നാമമാത്ര തുകയുമാണെന്ന വിലയിരുത്തലിലാണ് വ്യാപാരി സമൂഹത്തിന് ആശ്വാസമേകുന്ന പദ്ധതി അവതരിപ്പിച്ചത്.

2024ലെ പ്രഖ്യാപനമനുസരിച്ച് 50,000 രൂപ വരെ നികുതി കുടിശിക പൂർണമായും ഒഴിവാക്കും.
50,000 മുതൽ 10 ലക്ഷം രൂപ വരെ കുടിശികയുള്ളവർ 30 ശതമാനം തുക അടച്ചാൽ മതിയാകും.
10 ലക്ഷം രൂപയ്ക്ക് മുകളിൽ കുടിശികയുള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി 40–50 ശതമാനം തുക അടയ്ക്കാമെന്നുമായിരുന്നു വ്യവസ്ഥ. പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആയിരുന്നു.എന്നാൽ, ഈ കാലയളവിനുള്ളിൽ പോലും നിരവധി കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഇക്കുറി ബജറ്റിൽ, പിഴയും പലിശയും ഉൾപ്പെടെ ഇത്തരം കുടിശികകൾ പൂർണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.

2027 മാർച്ച് 31 വരെ തീർപ്പാക്കുന്ന നികുതി നിർണയ ഉത്തരവുകളിലെ കുടിശികകൾക്കും ഈ ഇളവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വാറ്റ് കുടിശികയുമായി ബന്ധപ്പെട്ട നോട്ടിസുകളും കേസുകളും നിയമനടപടികളും വ്യാപാരികളെ ഗുരുതര പ്രതിസന്ധിയിലാക്കിയിരുന്നു. ചില സംഭവങ്ങളിൽ ഇത് ആത്മഹത്യകളിലേക്കും വഴിവച്ചിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ഇടപെട്ട് ആശ്വാസനടപടി ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കേണ്ടിവരുമെന്ന് സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, ഇക്കുറി ബജറ്റിൽ വ്യാപാരികൾക്ക് അനുകൂലമായ പ്രഖ്യാപനമുണ്ടായതോടെ, ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്ന നിലപാടിൽ നിന്ന് സമിതി പിന്മാറുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു.
“വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് ഗൗരവപരമായ പരിഗണന നൽകിയ ബജറ്റാണ് ഇത്. വ്യാപാരികളെ ബുദ്ധിമുട്ടിക്കാതെ നികുതി പിരിവ് കാര്യക്ഷമമാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. കൃത്യമായി നികുതി അടയ്ക്കുന്നവരെ ആദരിക്കാനുള്ള തീരുമാനം വലിയ പ്രോത്സാഹനമാകും. ഇതിന് പുറമെ ഫ്ലഡ് സെസ് ആംനെസ്റ്റി സ്കീം നീട്ടിയതും വ്യാപാരികൾക്ക് ആത്മവിശ്വാസം നൽകുന്നു,” രാജു അപ്സര പറഞ്ഞു.
2025 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ മാത്രമായിരുന്ന ഹ്രസ്വകാല പദ്ധതിയായ ഫ്ലഡ് സെസ് ആംനെസ്റ്റി സ്കീം ഈ വർഷത്തേക്കും നീട്ടുന്നതായി ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.